നോട്ട് അസാധുവാക്കല്‍ പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പ്രധാന മന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതി പൂര്‍ണ്ണ പരാജയമണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച 14.17 ലക്ഷം കോടി രൂപയില്‍ 11.85 ലക്ഷം കോടിയും ബാങ്കുകളില്‍ തിരികെ എത്തിയെന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. കള്ളപ്പണം പിടികൂടാന്‍ ഇത് വഴി കഴിഞ്ഞിട്ടില്ലെന്നാണ് ഇതിനര്‍ത്ഥം.
പഴയ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി നല്‍കാന്‍ ഈ മാസം 30 വരെ ഇനിയും സമയമുണ്ട്. അതിന് പുറമെ ബാങ്കുകളില്‍ നേരത്തെ ഉണ്ടായിരുന്ന നോട്ടിന്റെ സ്‌റ്റോക്ക് കൂടി കണക്കിലെടുക്കുമ്പോള്‍ പിന്‍വലിച്ച നോട്ടുകള്‍ ഏതാണ്ടു പൂര്‍ണ്ണമായിത്തന്നെ ബാങ്കുകളില്‍ മടങ്ങിയെത്തുമെന്നാണ് കരുതേണ്ടത്.
കള്ളപ്പണം പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കുകയും സാധാരണ ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുകയും ചെയ്ത നോട്ട് അസാധുവാക്കല്‍ പരിപാടി നടപ്പാക്കിയതെന്ന് പ്രധാന മന്ത്രിയും ബി.ജെ.പിയും വിശദീകരിക്കണം. പദ്ധതി പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാന മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. പ്രധാനമന്ത്രിയുടെ ഭ്രാന്തന്‍ നയം കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ തിരിച്ചടി ഉണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
രാജ്യത്തിന്റെ ഉല്പാദന രംഗം സ്തംഭിച്ചു നില്‍ക്കുന്നു. ചെറുകിട വ്യാപാര മേഖലയും വ്യവസായ മേഖലയും തകര്‍ന്നു. നികുതി പിരിവ് കുത്തനെ ഇടിഞ്ഞതു കാരണം സംസ്ഥാനങ്ങളും സാമ്പത്തിക തകര്‍ച്ചയിലായി.
14.17 കോടിയുടെ കറന്‍സി പിന്‍വലിച്ചപ്പോള്‍ പകരം 4 ലക്ഷം കോടിയുടെ കറന്‍സിയേ പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിനായുള്ളൂ.
അടുത്ത കാലത്തൊന്നും ആവശ്യമായ കറന്‍സി എത്തിക്കാനാവില്ലെന്നാണ് അധികൃതര്‍ തന്നെ നല്‍കുന്ന സൂചന.
അതായത് ജനങ്ങളുടെ ദുരിതവും രാഷ്ട്രത്തിന്റെ സാമ്പത്തിക തകര്‍ച്ചയും മാസങ്ങളോളം നീളുമെന്നര്‍ത്ഥം. ഇത്രയും ദുരിതമുണ്ടായി എന്ന് മാത്രമല്ല അതിന് വലിയ ചിലവും വേണ്ടി വന്നിരിക്കുകയാണ്. പുതിയ നോട്ടുകളുടെ അച്ചടി ഉള്‍പ്പെടുള്ള കാര്യങ്ങള്‍ക്കായി 1.28 ലക്ഷം കോടി രൂപ ചിലവായി എന്നാണ് പുറത്ത് വന്നിരിക്കുന്ന കണക്ക് എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.