ലഹരിക്കെതിരെ കോഴിക്കോട് ബീച്ചില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരിമരുന്നു ഉപഭോഗത്തിനെതിരെ കേരളത്തിലെ സകലവിഭാഗം ജനങ്ങളെയും അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹനടത്തം. ലഹരിമരുന്നിനെതിരയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തല രൂപം കൊടുത്ത പ്രൗഡ് കേരള മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് ഈ ബോധവല്‍ക്കരണ സമൂഹ നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ കലാലയങ്ങളിലും സ്‌കൂളുകളിലും ലഹരിമാഫിയ വേരുകളാഴ്ത്തിയിരിക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാര്‍ ഇതിന്റെ അടിമകളും വില്‍പനക്കാരുമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ ചോര വീഴുന്നു. അമ്മമാരെയും സഹോദരങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ലഹരിയുടെ തിമിരം പുതുതലമുറയെ ബാധിച്ചിരിക്കുന്നു. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കുകയുളളു. ഇതിന്റെ ഭാഗമായാണ് 'വാക്ക് എഗന്‍സ്റ്റ് ഡ്രഗ്' എന്ന സന്ദേശമുയര്‍ത്തി ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ ഈ സമൂഹനടത്തത്തില്‍ പങ്കു ചേരുമെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.