ഗവർണറോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
text_fieldsകണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ-ഗവർണ്ണർ പോര് ഏകദേശം അടങ്ങിയ വേളയിൽ ഗവർണറോട് ആറ് ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷനേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല രംഗത്ത്. 'സംസ്ഥാന സർക്കാരും താനുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണ്ണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്.
താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്‍റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്. ഈ അവസരത്തിൽ താഴെ പറയുന്ന ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്' -ചെന്നിത്തല പറഞ്ഞു.
1. ഇന്ത്യൻ പ്രസിഡന്‍റിന് ഓണററി ഡി -ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?
2. ഈ നിർദ്ദേശം സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ?
3. വൈസ് ചാൻസലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്‍റെ പരിഗണനക്ക് വക്കുന്നതിന് പകരം സർക്കാരിന്‍റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്‍റെ പിൻബലത്തിൽ?
4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?
5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ, അദ്ദേഹത്തിന്‍റെ കാലാവധി തീരും മുമ്പ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ അനുമതി കിട്ടാത്തതിന്‍റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.