ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിെൻറ സഹനസമരത്തിനു മുന്നില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായത്. ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല.
ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ഠിയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും മനസിലാക്കണം. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്. നിരാഹാര സത്യാഗ്രഹം നടത്തുന്ന ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശി പിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തേണ്ടി വന്നു.
മകന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ആ അമ്മയും കുടുംബവും നടത്തിയ നിരാഹാരസമരം കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ജിഷ്ണുവിെൻറ കുടുംബത്തിന്റെ സമരം ഇല്ലാതാക്കാൻ സര്‍ക്കാര്‍ പല മാർഗങ്ങളും സ്വീകരിച്ചു. പൊലീസിനെ ഉപയോഗിച്ച് മഹിജയെയും കുടുംബത്തേയും റോഡിലൂടെ വലിച്ചിഴപ്പിച്ചു. സഹായിക്കാന്‍ വന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കുകയാണുണ്ടായത്.
മഹിജയെയും അമ്മയോടൊപ്പം ധീരതയോടെ പൊരുതിയ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെയും കുടുംബത്തെയും അഭിവാദ്യം ചെയ്യുന്നു. പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന കള്ളക്കഥയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പ്രചരിപ്പിച്ചത്. ജിഷ്ണുവിെൻറ കുടുംബത്തിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷം ചെയ്തത്. യു.ഡി.എഫ് നടത്തിയ ഹര്‍ത്താലും യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയ പോരാട്ടവും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ച അനിശ്ചിതകാല ഉപവാസവും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് 89 ദിവസം കാത്തിരിക്കുകയും മുഖ്യമന്ത്രിയെപ്പോലും നേരില്‍ കാണുകയും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടിയ ശേഷമാണ് കുടുംബം തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിന് മുന്നില്‍ എത്തിയത്. ഡി.ജി.പിയെ നേരില്‍ കണ്ട് പരാതി പറയാനുള്ള അവസരം പോലും നല്‍കാതെ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന പോലെ പൊലീസ് അവരെ റോഡിലൂടെം വലിച്ചിഴച്ചു.
തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചത്. ജിഷ്ണു കേസിൽ തെളിവുകളെല്ലാം നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നു. ഒത്തു കളി അവസാനിപ്പിച്ച് ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സര്‍ക്കാര്‍ തയാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.