വിദ്യാഭ്യാസ മന്ത്രി വന്‍പരാജയം: രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി വന്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എസ്.എല്‍.സി പരീക്ഷ പോലും നേരെ ചൊവ്വേ നടത്താന്‍ കഴിയുന്നില്ല. ഐക്യകേരളം രൂപീകൃതമായ ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുടെ കാര്യത്തില്‍ ഇത്രയും കൃത്യവിലോപം മുന്‍പ് ഉണ്ടായിട്ടില്ല. കണക്ക് പരീക്ഷയുടെ ചോദ്യത്തെക്കുറിച്ച് കുട്ടികളുടെ പരാതി താന്‍ തന്നെ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് അറിയിച്ചതാണ്. മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പാര്‍ട്ടി ഫ്രാക്ഷനെ ഏൽപ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് മന്ത്രി അറിയുന്നില്ല. നിയമനവും സ്ഥലം മാറ്റവുമെല്ലാം കെ.എസ്.ടി.എയാണ് നടത്തുന്നത്. എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പര്‍ ചോര്‍ന്നത് അന്വേഷിക്കുന്നതോടൊപ്പം ഹയര്‍ സെക്കണ്ടറി പ്‌ളസ് വണ്‍ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതും അന്വേഷിക്കണം.
പത്ത് വര്‍ഷത്തിലേറെയായി റിട്ടയര്‍ ചെയ്തു വീട്ടിലിരിക്കുന്ന സ്വന്തക്കാരെ എസ്.ഇ.ആര്‍.ടി, സീമാറ്റ്, ആര്‍.എം.എസ്.എ, എസ്.എസ്.എ തുടങ്ങിയവയില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച് ഭരണം നടത്തി മുടിക്കുകയാണ്. പ്രതിപക്ഷ അദ്യാപക സംഘടനകളുമായി ഒരു കൂടിയാലോചനയും നടത്തുകയോ കരിക്കുലം ഉപസമിതികള്‍ കൂടി തീരുമാനമെടുക്കുന്നോയില്ല.
പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതില്‍ നിന്നും പ്രതിപക്ഷ അധ്യാപക സംഘടനകളെ മാറ്റി നിര്‍ത്തുന്നു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തെ ഡി.പി.ഐയുമായി ലയിപ്പിച്ച് തകര്‍ക്കാനുള്ള നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ല.
കുട്ടികളെ പരീക്ഷ എഴുതി ജയിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെ ആ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.