സർക്കാറിന് കരിഞ്ചന്തക്കാരന്‍റെ മനസ്; പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വച്ച് രാഷ്ട്രീയം കളിക്കുന്നു -ചെന്നിത്തല
text_fieldsആലപ്പുഴ: പാവപ്പെട്ട കുട്ടികളുടെ ഭക്ഷണം വച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന നെറികെട്ട സര്‍ക്കാരാണ് പിണറായിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ എട്ട് മാസം കുട്ടികളുടെ ഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ച സർക്കാർ ഇപ്പോള്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വോട്ട് തട്ടാന്‍ വേണ്ടി അവ വിതരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. ധാന്യങ്ങൾ പൂഴ്ത്തി വെച്ച് പിന്നീട് കൂടിയ വിലയ്ക്ക് വിൽക്കുന്ന കരിഞ്ചന്തക്കാരന്‍റെ മനോഭാവമാണ് സർക്കാർ കാണിക്കുന്നത്. അവർ ധാന്യം പൂഴ്ത്തി വെച്ച് പണം തട്ടാൻ ആണ് ശ്രമിക്കുന്നതെങ്കിൽ ഇവിടെ വോട്ട് ആണ് എന്ന വ്യത്യാസമേയുള്ളൂവെന്നും ചെന്നിത്തല ആരോപിച്ചു.
കുട്ടികൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല, ഏപ്രിൽ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും കുട്ടികൾക്കുള്ള ഭക്ഷ്യ ധാന്യ വിതരണം എട്ടു മാസം സർക്കാർ മുടക്കിയത് തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടിട്ടാണ്. കോവിഡ് മഹാമാരിയുടെ സമയം ആയിട്ട് പോലും ധാന്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ ചെറുവിരൽ അനക്കിയില്ല. എന്നിട്ടിപ്പോൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അതെല്ലാം ഒന്നിച്ചു വിതരണം ചെയ്യുന്നത് വോട്ട് തട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ഈ വഞ്ചനയാണ് പ്രതിപക്ഷം തുറന്നു കാണിച്ചത്. ഞങ്ങൾക്ക് തോന്നുമ്പോൾ തരും അപ്പോൾ നീയൊക്കെ കഴിച്ചാൽ മതിയെന്ന സർക്കാരിന്‍റെ ധാർഷ്ട്യം അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.
ഭക്ഷ്യ ധാന്യ വിതരണം നടത്തുന്നത് എ.കെ.ജി സെന്‍ററിൽ നിന്നല്ല. യു.പി.എ സർക്കാർ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ ഭാഗമായി ഉണ്ടായതാണ്. കുട്ടികളുടെ ആ നിയമപരമായ അവകാശമാണ് കഴിഞ്ഞ എട്ടു മാസമായി വോട്ടു തട്ടുക എന്ന സ്വാർത്ഥ ലാഭത്തിനു വേണ്ടി പിണറായിയും കൂട്ടരും നിഷേധിച്ചത്. ഈ നീതി നിഷേധം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കേണ്ട ബാധ്യതയാണ് പ്രതിപക്ഷം നിറവേറ്റിയത്. അതിനാണ് ഞങ്ങളെ അന്നം മുടക്കികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. എട്ടു മാസം കുട്ടികളെ പട്ടിണിക്കിട്ടതിന്റെ പാപഭാരം പ്രതിപക്ഷത്തിനുമേൽ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.
വിഷുവിന്‍റെ കിറ്റും, മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷ പെൻഷനും ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ അത് കൊടുക്കേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഏപ്രില്‍ ആറിന് ശേഷം പെന്‍ഷനും കൊടുക്കണം, ഭക്ഷ്യധാന്യവും കൊടുക്കണം വിഷു കിറ്റും കൊടുക്കണം എന്നാണ് പ്രതിപക്ഷത്തിന്‍റെ ഉറച്ച നിലപാട്. ഇത് കൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.