സുഖത്തിലും ദു:ഖത്തിലും എന്നും എന്നോടൊപ്പം; സലിം കുമാറിന് പിറന്നാളാശംസയുമായി ചെന്നിത്തല
text_fieldsമലയാളികളുടെ പ്രിയതാരമായി നിറഞ്ഞു നിൽക്കുന്നതിനും എത്രയോ മുമ്പേ തന്‍റെ ആത്മമിത്രമായി മാറിയ സലിം കുമാറിന് പിറന്നാളാശംസ നേർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന, എത്ര സംസാരിച്ചാലും മതി വരില്ലാത്ത സുഹൃത്താണ് സലിം കുമാറെന്ന് അദ്ദേഹം പറയുന്നു.
ആശംസ നേരാൻ സലിം കുമാറിനെ ഫോണിൽ വിളിച്ചപ്പോൾ ഇത്തിരി പഴക്കമുള്ള കഥകൾ ഓർത്തെടുത്തു. രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തിൽ നിറഞ്ഞു നിൽക്കുന്നതിനു മുൻപ് ഞങ്ങൾ തമ്മിൽ അത്രയേറെ അടുപ്പമായിരുന്നു. ജി. കാർത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം.
ഒരു കോൺഗ്രസുകാരനാണ് താനെന്നു ഹൃദയത്തിൽ തൊട്ട് സലിംകുമാർ പലവേദികളിലും പറയാറുണ്ട്. നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് വേദികളിൽ ചിരിയും ചിന്തയും ഉണർത്തി എനിക്കായി വോട്ട് പിടിക്കാൻ എത്തുന്ന സലിംകുമാറിന്റെ വാക്കുകളെ ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓർത്തെടുക്കുന്നത്.
സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ടെന്നും പിറന്നാൾ ദിനം കഴിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ആശംസയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.