റംലാ ബീഗം; വിലക്കുകൾ മറികടന്നെത്തിയ മാപ്പിള കലാകാരി
text_fieldsകോഴിക്കോട്: എട്ടാം വയസിലാണ് റംല ബീഗം കലയുടെ അരങ്ങിലെത്തിയത്. പാട്ടുകാരിയായതിനു പിന്നിൽ പിതാവ് ഹുസൈൻ യൂസുഫ് യമാനിയുടെയും മാതാവ് മറിയം ബീവിയുടെയും പ്രോത്സാഹനമായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് ഉമ്മ മറിയം. കുട്ടിക്കാലത്തേ റംലക്ക് പാട്ടിനോട് ഇഷ്ടമുണ്ടെന്നത് തിരിച്ചറിഞ്ഞ് നല്ല പാട്ടുകാരിയായി വളർത്താൻ മാതാപിതാക്കൾ ഏറെ താൽപര്യം കാണിച്ചു. സംഗീത സാന്ദ്രമായ കുടുംബാന്തരീക്ഷം കൂടിയായതോടെ റംലയെന്ന ഗായികയുടെ വളർച്ചയും വേഗത്തിലായി. ഉമ്മയും പാട്ടുകാരിയായിരുന്നു. അമ്മാവൻ സത്താർഖാൻ ആസാദ് മ്യൂസ്ക് ക്ലബ് എന്ന പേരിൽ റംലക്കായി ട്രൂപ്പ് തന്നെ ഉണ്ടാക്കി. ആസാദ് മ്യൂസിക് ക്ലബ്ബിൽ തബല വായിച്ചിരുന്ന അബ്ദുൽ സലാം പിന്നീട് റംലയുടെ ജീവിത പങ്കാളിയായി.
പാട്ടിൽ നിന്ന് കഥാപ്രസംഗത്തിലേക്ക് ഒരു കൈ നോക്കിയതിനു പിന്നാലെ ഭർത്താവിെൻറ പിന്തുണയാണ്. വിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയാണ് റംല ബീഗം. കണ്ണൂരിൽ വെച്ചായിരുന്നു മുസ്‍ലിം വനിത പൊതുവേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ യാഥാസ്ഥിതികർ രംഗത്തുവന്നത്. 'ആലപ്പുഴക്കാരിയെ ഈ നാട്ടിൽ ആടാൻ വിടില്ല' എന്നു പറഞ്ഞായിരുന്നു ആളുകൾ എത്തിയത്. കർബലയിലെ രക്തക്കളമല്ല, റംല ബീഗത്തിന്റെ രക്തക്കളമായിരിക്കും പരിപാടി അവതരിപ്പിച്ചാൽ എന്നായിരുന്നു ഭീഷണി. എന്നാൽ അവിടെ ഭർത്താവ് തുണയായി. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിൽ റംല പരിപാടി അവതരിപ്പിച്ചു. കണ്ണൂർ പൊലീസിന്റെ സംരക്ഷണവുമുണ്ടായിരുന്നു. ഭർത്താവാണ് തന്റെ ശക്തിയെന്ന് പല അഭിമുഖങ്ങളിലും ഈ അനുഗൃഹീത കലകാരി പറഞ്ഞിട്ടുണ്ട്. വൈകാതെ എതിർപ്പുകൾ കുറഞ്ഞു തുടങ്ങി. പിന്നീട് അവരും റംല ബീഗത്തെ കേൾക്കാനെത്തി. കോഴിക്കോട് ജില്ലയിലും കൊടുവള്ളിയലും സമാന രീതിയിലുള്ള അനുഭവം റംല ബീഗം നേരിട്ടു.
എം.എ. റസാഖ് എഴുതിയ ജമീല എന്ന കഥയാണ് റംല ബീഗം ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. പിന്നീട് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പിൽ സ്കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോഗ്രാമായിരുന്നു അത്. പിന്നീട് നിരവധി വേദികൾ കിട്ടി. ഇസ്ലാമിക ചരിത്രകഥകളും ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാല്‍, 'ലൈലാമജ്നു പ്രണയകഥകളും' മാത്രമല്ല, കാളിദാസന്റെ ശാകുന്തളവും കുമാരനാശാന്റെ നളിനിയും കേശവദേവിന്റെ 'ഓടയില്‍നിന്നു'മൊക്കെ റംലാ ബീഗം കഥാപ്രസംഗമാക്കി. ഒരു യുദ്ധത്തിന്റെ പശ്ചാത്തലം കൊണ്ടുവരാൻ കർബല യുദ്ധസ്മരണകൾ അവതരിപ്പിക്കുമ്പോൾ കാഥികക്ക് കഴിഞ്ഞു. വ്യത്യസ്ത പ്രമേയങ്ങളില്‍ മുപ്പതോളം കഥകള്‍ റംലാ ബീഗം അവതരിപ്പിച്ചിട്ടുണ്ട്. 9500ലധികം സ്റ്റേജുകളിൽ പരിപാടിയവതരിപ്പിച്ചു.
1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. 2018 വരെ പരിപാടികളിൽ സജീവമായി. 1986 ഡിസംബര്‍ 6നാണ് ഭർത്താവ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം രണ്ടുവര്‍ഷം കഥാപ്രസംഗ ലോകത്തുനിന്നും വിട്ടുനിന്നു. കെ.ജെ.യേശുദാസ്, വി.എം.കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ എന്നിവരുടെ ട്രൂപ്പുകളിലും പുതിയ തലമുറയിലെ കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും റംല ബീഗം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.