പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
text_fieldsകോഴിക്കോട്: കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയാണ് റംല ബീഗം.
ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍ കഥാപ്രസംഗമാണ് ഏറെ ശ്രദ്ധേയം. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍നിന്ന്, ശാകുന്തളം, നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പില്‍ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോ ഗ്രാം. പിന്നീട് കലാരംഗത്ത് തിരക്കായി. സിംഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇതിനകം നൂറുകണക്കിനു പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ക്ക് പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി. ഭർത്താവ്. പരേതനായ കെ.എ. സലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.