ഭാര്യയെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ
text_fieldsകോഴിക്കോട‌്: പെരുന്നാൾദിനത്തിൽ ഭാര്യയെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ. കുന്ദമംഗലം തടമ്പാട്ടിൽതാഴം റംല (41) വധക്കേസിൽ ഭർത്താവ് മഞ്ചേരി തിരുവാലി നാസർ (48) കുറ്റക്കാരനാണെന്ന് കോഴിക്കോട‌് മാറാട‌് സ‌്പെഷൽ അഡീഷനൽ സെഷൻസ‌് ജഡ്ജി കെ.എസ‌്. അംബികയാണ് വിധിച്ചത്. ശിക്ഷ ബുധനാഴ‌്ച വിധിക്കും. റിമാൻഡിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതിയെ വിധി കേൾപ്പിക്കുക.
പെരുന്നാളിന് പണിക്കു പോയതിനും മറ്റും വാക്കേറ്റമുണ്ടാക്കി 2017 സെപ്റ്റംബർ ഒന്നിന് കത്തികൊണ്ട‌് കുത്തിയും കൊടുവാൾകൊണ്ട‌് വെട്ടിയും റംലയെ കൊന്നുവെന്നാണ‌് കേസ‌്. റംല ജോലി കഴിഞ്ഞ‌് വീട്ടിലെത്തിയപ്പോൾ നാസർ വഴക്കിട്ടു. ജോലിക്കു പോകാത്ത ഇയാൾ റംലയുടെ പക്കൽനിന്ന‌് സ്ഥിരമായി പണം വാങ്ങുമായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കവും കൊലപാതകത്തിലേക്കു നയിച്ചെന്നാണ‌് പൊലീസ‌് കണ്ടെത്തിയത‌്. വാടകവീട്ടിലായിരുന്നു താമസം. ബഹളംകേട്ട‌് വീട്ടുടമ മറിയംബി ഓടിയെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടെന്ന‌് ഇവർ മൊഴി നൽകി.
ദൃക‌്സാക്ഷികളില്ലാത്ത കേസിൽ ഈ മൊഴി നിർണായകമായി. 31 സാക്ഷികളെ കോടതി വിസ‌്തരിച്ചു. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്നാണ് കണ്ടെത്തൽ. ചേവായൂർ സി.ഐയായിരുന്ന കെ.കെ. ബിജുവാണ‌് അന്വേഷണം നടത്തിയത‌്. പ്രോസിക്യൂഷനുവേണ്ടി ജില്ല അഡീഷനൽ പബ്ലിക‌് പ്രോസിക്യൂട്ടർ ജോജു സിറിയക‌് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.