രമ്യ ഹരിദാസും സി. കൃഷ്ണകുമാറും പത്രിക സമർപ്പിച്ചു
text_fieldsപാലക്കാട്: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് പത്രിക സമർപ്പിച്ചു. നാല് സെറ്റ് പത്രികയാണ് നൽകിയത്. രാവിലെ 10ന് ഡി.സി.സി ഓഫിസിൽനിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കലക്ടറേറ്റിൽ എത്തിയത്. രമ്യ ഹരിദാസ് തന്നെയാണ് മുദ്രാവാക്യം വിളിച്ച് പ്രകടനത്തിന് നേതൃത്വം നൽകിയത്.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുൻ എം.പി വി.എസ്. വിജയരാഘവൻ, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് എന്നിവരോടൊപ്പം എത്തിയാണ് വരണാധികാരിയായ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് സി. ബിജുവിന് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി. ചന്ദ്രൻ, പി. ബാലഗോപാൽ, പാളയം പ്രദീപ്, സുമേഷ് അച്ചുതൻ, കെ.സി. പ്രീത്, വി. രാമചന്ദ്രൻ, സി. ബാലൻ, സിന്ധു രാധാകൃഷ്ണൻ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പാലക്കാട്: ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ നാമനിർദേശ പത്രിക നൽകി. പാലക്കാട് മണ്ഡലം വരണാധികാരി കൂടിയായ ജില്ല കലക്ടർ ഡോ. എസ്. ചിത്ര മുമ്പാകെയാണ് പത്രിക നൽകിയത്. നാല് സെറ്റ് പത്രികയാണ് നൽകിയത്.
ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ്, ഇ. കൃഷ്ണദാസ്, പ്രമീള ശശിധരൻ, ബി.ഡി.ജെ.എസ് നേതാവ് രഘു എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. കോട്ടമൈതാനം അഞ്ചുവിളക്കിൽനിന്ന് എൻ.ഡി.എ പ്രവർത്തകരോടൊപ്പം ജാഥയായാണ് സി. കൃഷ്ണകുമാർ പത്രിക നൽകാൻ എത്തിയത്.
രമ്യ ഹരിദാസ്
ആലത്തൂരിൽ വിജയം സുനിശ്ചിതമാണ്. ആലത്തൂരുകാർക്ക് ഞാൻ പരിചിതയാണ്. അവര് വോട്ടു ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അമ്മമാരുടെയും മറ്റും അകമഴിഞ്ഞ പിന്തുണയും തനിക്കുണ്ട്. അതുതന്നെയാണ് വിജയപ്രതീക്ഷ നൽകുന്നത്. മതനിരപേക്ഷ രാജ്യത്തിനായി ശബ്ദമുയർത്താനായി വീണ്ടും പാർലമെന്റിലെത്തുമെന്നുതന്നെയാണ് പ്രതീക്ഷ.
സി. കൃഷ്ണകുമാർ
എസ്.ഡി.പി.ഐ പിന്തുണ നേടിയതിലൂടെ കോൺഗ്രസ് ന്യൂനപക്ഷ വർഗീയതക്ക് അടിപ്പെട്ടിരിക്കുകയാണ്. തോൽവി പേടിയിലാണ് ഭീകരരുടെ അടക്കം വോട്ട് യു.ഡി.എഫ് സ്ഥാനാർഥി വാങ്ങുന്നത്. നരേന്ദ്ര മോദി പറഞ്ഞത് കേരളത്തിൽ ഇക്കുറി എൻ.ഡി.എ രണ്ടക്കം കടക്കുമെന്നാണ്. അതിലൊന്ന് പാലക്കാട് ആയിരിക്കും. മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ എസ്.ഡി.പി.ഐക്ക് എതിരാണ്. അതുകൊണ്ടുതന്നെ അവരുടെ പിന്തുണ എൻ.ഡി.എക്ക് കിട്ടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.