കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തി രമ്യ ഹരിദാസ്; ചേലക്കരയിൽ യു.ഡി.എഫ് പ്രചാരണത്തിന് തുടക്കം
text_fieldsതൃശൂർ: കോൺഗ്രസ് കേന്ദ്രനേതൃത്വം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങരയിലെ കൈപ്പത്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് രാവിലെ രമ്യ പ്രചാരണത്തിന് തുടക്കമിട്ടത്.
പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയിൽ കോൺഗ്രസിന് ഒരവസരം കൊടുക്കണമെന്ന് സാധാരണക്കാരൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയാകാം തന്നെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള കാരണമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.
കേരളത്തിൽ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച് മണിക്കൂറിനുള്ളിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ. നവംബർ 13നാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. 23നാണ് വോട്ടെണ്ണൽ.
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 54.41 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണനെ വിജയിപ്പിച്ച ചേലക്കര കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ സി.പി.എം. 1996ൽ നഷ്ടപ്പെട്ട സീറ്റ് എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 83415 വോട്ടുകൾ നേടിയാണ് സി.പി.എം സ്ഥാനാർഥിയായിരുന്ന കെ. രാധാകൃഷ്ണൻ വിജയിച്ചത്. കോൺഗ്രസിലെ സി.സി. ശ്രീകുമാർ 44015 വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് 24045 വോട്ടുകൾ നേടി. ആകെ പോൾ ചെയ്ത 153315 വോട്ടുകളിൽ 54.41 ശതമാനം വോട്ടുകൾ സി.പി.എം നേടി. 39400 വോട്ടുകളുടെ ഭൂരിപക്ഷം രാധാകൃഷ്ണൻ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.