രമ്യ വധം: ഭർത്താവിന് ജീവപര്യന്തം
text_fieldsതലശ്ശേരി: ചാരിത്ര്യത്തിൽ സംശയംതോന്നി ഭാര്യയെ കൂട്ടിക്കൊണ്ടുപോയി ലോഡ്ജ് മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ ഭർത്താവ് കണ്ണൂർ അഴീക്കോട്ടെ പാലോട്ടുവയലിൽ ഷമ്മികുമാറിന് (40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും. കേസിൽ ഷമ്മികുമാറിെൻറ അമ്മ പത്മാവതിയെ (70) രണ്ടു വർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഷമ്മികുമാറിെൻറ സഹോദരൻ ലതീഷ്കുമാറിനെ (58) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടു. തലശ്ശേരി അഡീഷനൽ ആൻഡ് സെഷൻസ് കോടതിയാണ് (ഒന്ന്) ശിക്ഷ വിധിച്ചത്. ശനിയാഴ്ച രാവിലെയാണ് ഷമ്മികുമാറും പത്മാവതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഉച്ചക്കുശേഷമാണ് ഇരുവർക്കുമുള്ള ശിക്ഷ വിധിച്ചത്.
കണ്ണൂർ കാട്ടാമ്പള്ളിയിലെ അമ്പൻ ഹൗസിൽ രവീന്ദ്രെൻറ മകൾ രമ്യയെ (26) കൊലപ്പെടുത്തിയ കേസിലാണ് ഷമ്മികുമാറിനെ ഇന്ത്യൻ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയടക്കാൻ ശിക്ഷിച്ചത്. ഇതിനു പുറേമ 498 എ പ്രകാരം ഗാർഹികപീഡനത്തിന് മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും 201 പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിന് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഭർതൃമാതാവ് പത്മാവതിയെ 498 പ്രകാരം ഗാർഹികപീഡന കുറ്റത്തിനാണ് തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചാൽ മുഴുവൻ തുകയും രമ്യയുടെ മൂന്നു മക്കൾക്കായി നൽകാനും കോടതി കൽപിച്ചു. പത്മാവതിക്ക് കോടതി ജാമ്യം അനുവദിച്ചു.
2010 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും രമ്യയുടെ മൂത്തമക്കളും ബന്ധുവിെൻറ വിവാഹത്തിനുപോയ ജനുവരി 16ന് ഭാര്യയെയും ഇളയകുട്ടിയെയും കൂട്ടി വീടുവിട്ട ഷമ്മികുമാർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ താമസിച്ചശേഷം 20നാണ് പയ്യന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. അന്ന് കൃത്യംചെയ്ത് രാത്രി ഒരുമണിയോടെ കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടിൽ കൊണ്ടുപോയി വരാന്തയിൽ വെക്കുകയും കുറച്ചുസമയം കഴിഞ്ഞ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് കുട്ടി വരാന്തയിലുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.
21ന് ലോഡ്ജ് അധികൃതർ മുറി തുറന്നുനോക്കിയപ്പോഴാണ് രമ്യയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷമ്മികുമാറിനെ ഇൻറർപോളിെൻറ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂൺ രണ്ടിനാണ് ഷമ്മികുമാറും രമ്യയും വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.