രഞ്ജിത് വധം: എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു
text_fieldsആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ വധത്തിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഇവരിൽനിന്ന് ഒളിവിൽകഴിയുന്ന പ്രതികളെക്കുറിച്ച് നിർണായകവിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിൽ 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
സംസ്ഥാനംവിട്ട ഇവരെ ബംഗളൂരുവിൽനിന്നാണ് പിടികൂടിയതെന്നാണ് വിവരം. ഇതിലൂടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരുടെ കൂടുതൽ അറസ്റ്റ് അടക്കമുള്ളവയുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. അതിനിടെ, കൊലപാതകം നേരിൽകണ്ട രഞ്ജിത്തിന്റെ മാതാവ് വിനോദിനി, ഭാര്യ ലിഷ എന്നിവരുടെ മുന്നിൽ തിരിച്ചറിയൽ പരേഡ് നടത്തിയശേഷം മാത്രമേ പ്രതികളുടെ ഫോട്ടോയടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടൂവെന്ന് പൊലീസ് പറയുന്നു. തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടിക്രമം പൂർത്തിയാവുന്നതേയുള്ളൂ. രഞ്ജിത്തിന്റെ കുടുംബം ഇതിന് മാനസികമായി തയാറാകുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
അതിനിടെ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ അറസ്റ്റിലായ മുരുകേശനെ ആലുവയിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തിച്ച് തെളിവെടുത്തു. പ്രധാന പ്രതികൾക്ക് സഹായംനൽകിയ മുരുകേശൻ മൂന്നുദിവസമാണ് ആലുവയിലെ കാര്യാലയത്തിൽ ഒളിവിൽ കഴിഞ്ഞത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേരടക്കം 15ലധികംപേർ ഇതുവരെ പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റിലാകുമെന്ന സൂചനയാണ് അന്വേഷണസംഘം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.