രഞ്ജിത്തിന് സ്നേഹത്തണലായി അക്ഷരവീട്
text_fieldsകണ്ണൂർ: ഗുസ്തിയിൽ നാടിനായി നേട്ടങ്ങൾ കൊയ്തപ്പോഴും അകലെയായിരുന്ന വീടെന്ന സ്വപ്നം ടി.എം. രഞ്ജിത്തെന്ന കായികതാരത്തിന് ഇനി ൈകയെത്തുംദൂരത്ത്. ‘മാധ്യമം’, അഭിനേതാക്കളുടെ സംഘടന അമ്മ, യു.എ.ഇ എക്സ്ചേഞ്ച് -എൻ.എം.സി ഗ്രൂപ്പ് എന്നിവ സംയുക്തമായി രഞ്ജിത്തിന് നിർമിച്ചുനൽകുന്ന അക്ഷരവീടിെൻറ ശിലാഫലക കൈമാറ്റം ശനിയാഴ്ച നടക്കും.
താഴെചൊവ്വ തെഴുക്കിൽപീടികക്കു സമീപം പാതിരിപ്പറമ്പിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശിലാസ്ഥാപനം നിർവഹിക്കും. സമൂഹത്തിനായി സർവവുമർപ്പിച്ചിട്ടും ജീവിതവഴിയിൽ ഉയരാൻ സാധിക്കാതെ പോയ പ്രതിഭകൾക്ക് ആദരമായി വീട് നിർമിച്ചുനൽകുന്ന പദ്ധതിയാണ് അക്ഷരവീട്.
മലയാളത്തിലെ 51 അക്ഷരങ്ങളുടെ പേരിലായി 51 വീടുകളാണ് സംസ്ഥാനത്തുടനീളം നിർമിക്കുന്നത്. പദ്ധതിയിലെ എട്ടാമത്തെ വീടാണ് മലയാളാക്ഷരങ്ങളിൽ എട്ടാമത്തെ അക്ഷരമായ ‘എ’ എന്ന പേരിൽ രഞ്ജിത്തിനായി നിർമിക്കുന്നത്. ഗോദയിൽ വീറോടെ പൊരുതിയിട്ടും വിധിക്ക് മുന്നിൽ വീണുപോയ കഥയാണ് രഞ്ജിത്തെന്ന കായികതാരത്തിേൻറത്. ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഏറെ മികവ് കാണിച്ച രഞ്ജിത്ത് 1990ൽ 53 കിലോ വിഭാഗത്തിൽ ആദ്യമായി കണ്ണൂർ ജില്ല ചാമ്പ്യനായി. പിന്നീട് വിവിധ വെയ്റ്റ് കാറ്റഗറികളിൽ 1994, 95, 96, 99 വർഷങ്ങളിൽ കണ്ണൂർ ജില്ല ചാമ്പ്യനായി. 1997ലും 2000ത്തിലും സംസ്ഥാന ചാമ്പ്യൻഷിപ്പിലും മെഡൽ നേടി.
കൂടുതൽ പരിശീലനം നേടുന്നതിനും സ്വന്തമായി പരിശീലന കളരി നടത്താൻ പണം സമ്പാദിക്കുന്നതിനായി ഗൾഫിലേക്ക് പോയ രഞ്ജിത്ത് ശരീരം തളർന്ന നിലയിലാണ് തിരിച്ചെത്തിയത്. കെട്ടിടനിർമാണത്തിനിടെ ഹൃദയാഘാതമുണ്ടാവുകയും തലയിടിച്ച് വീഴുകയുമായിരുന്നു. നാലു മാസത്തോളം ഗൾഫിലെ ആശുപത്രിയിൽ കോമയിലായി. തലയോട്ടി തുറന്ന് രണ്ട് ശസ്ത്രക്രിയകൾ നടന്നു. വർഷങ്ങളായുള്ള ചികിത്സയെ തുടർന്ന് ഇപ്പോൾ എഴുന്നേറ്റുനിൽക്കാനും പതുക്കെ നടക്കാനും സാധിക്കും. ജീവിതത്തിലേക്ക് തിരിച്ചുവരാൻ കാണിച്ച പോരാട്ടവീര്യത്തിനുള്ള സമ്മാനമായിക്കൂടിയാണ് രഞ്ജിത്തിന് അക്ഷരവീട് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.