കുക്കുവിനോട് ‘നീ വീട്ടിൽ പോ’ എന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രഞ്ജിത്ത്
text_fieldsതിരുവനന്തപുരം: അക്കാദമി ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനോട് മോശം പരാമർശം നടത്തിയെന്ന ആരോപണങ്ങളിൽ മറുപടിയുമായി ചെയർമാൻ രഞ്ജിത്ത്. 1984 മുതൽ താനും കുക്കുവുമായി സൗഹൃദമുണ്ട്. അവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ള ആളോട് ‘‘നീ ഇവിടെ കിടന്ന് വല്ലാണ്ട് ഓടണ്ട. വീട്ടിൽ പോ’’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സമാന്തരയോഗവും തനിക്കെതിരെ നടന്നിട്ടില്ല. യോഗത്തിൽ കുക്കു പങ്കെടുത്തെന്നറിഞ്ഞപ്പോൾ വിളിച്ചു. അവർ ആശുപത്രിയിലാണ്. താൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് കുക്കു അറിയിച്ചതെന്നും പങ്കെടുത്തെന്ന് മാധ്യമങ്ങൾ പറയുന്നവരെല്ലാം തന്നെ ഫോണിൽ ബന്ധപ്പെട്ട് ചെയർമാനെതിരെയും അക്കാദമിക്കെതിരെയും നീങ്ങില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
അതേസമയം, രഞ്ജിത്ത് പറയുന്നത് ശുദ്ധകളവാണെന്നും കുക്കുവിനെ രഞ്ജിത്ത് വിളിച്ചിട്ടില്ലെന്നും ജനറൽ കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. യോഗം ചേർന്നവരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താനാണ് ഇപ്പോൾ രഞ്ജിത്ത് ശ്രമിക്കുന്നത്. അത് ജനാധിപത്യമല്ല. മാടമ്പിത്തരമാണ്. ചെയർമാന്‍റെ ധാരണ മുണ്ടിന്‍റെ കോന്തലയും പിടിച്ച് അദ്ദേഹം ആറാം തമ്പുരാനെപ്പോലെ നടക്കുന്നതുകൊണ്ടാണ് ഈ ഫെസ്റ്റിവൽ ഇത്ര മനോഹരമായി നടക്കുന്നതെന്നാണ്. മേളയുടെ ഭാഗമായി ഓരോ ജനറൽ കൗൺസിൽ അംഗത്തിനും ചുമതല നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കുക്കു ഒരു പ്രശ്നം രഞ്ജിത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. ‘‘നിങ്ങളുടെ സേവനം ഇനി ഐ.എഫ്.എഫ്.കെക്ക് ആവശ്യമില്ല. നിങ്ങൾക്ക് പോകാം’’ എന്നായിരുന്നു രഞ്ജിത്തിന്‍റെ മറുപടി. രഞ്ജിത്തിനെപ്പോലെ അവരെയും സർക്കാർ തെരഞ്ഞെടുത്തതാണ്. അവർക്കും അവകാശമുണ്ട് -മനോജ് കാന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.