രഞ്ജിത് വധം: പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു
text_fieldsആലപ്പുഴ: രഞ്ജിത് വധക്കേസിൽ പ്രതികൾ സഞ്ചരിച്ച ഒരുബൈക്ക് പൊലീസ് കണ്ടെടുത്തു. ആലപ്പുഴ മുല്ലാത്തുവളപ്പ് മാളികപറമ്പ് ഭാഗത്തുനിന്നാണ് ബൈക്ക് കണ്ടെടുത്തത്. ശനിയാഴ്ച അറസ്റ്റിലായ രണ്ട് മുഖ്യപ്രതികളടക്കം നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
പെരുമ്പാവൂരിൽനിന്ന് കഴിഞ്ഞദിവസം പിടികൂടിയ മുഖ്യപ്രതികളെയാണ് ആലപ്പുഴ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി വൈദ്യപരിശോധന നടത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതികളുടെ കോവിഡ് ടെസ്റ്റ് നടത്തിയതിന് പിന്നാലെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് ബയോമെട്രിക് വിവരങ്ങളടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ പേരും വിലാസവും വെളിപ്പെടുത്താൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
രഞ്ജിത് കൊലപാതകത്തിൽ ആറുബൈക്കിലായി 12പേരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവരിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികളെ പിടികൂടാൻ സഹായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചനയടക്കം ഈ കേസിൽ 12പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.
അതിനിടെ, ഷാൻ വധത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം എല്ലാപ്രതികളുടെയും തെളിവെടുപ്പ് പൂർത്തിയായി. അറസ്റ്റിലായ അതുൽ, ധനേഷ് എന്നീ പ്രതികൾ ഒളിവിൽ കഴിഞ്ഞ കൈനകരിയിലാണ് തെളിവെടുപ്പ് നടത്തിയത്. ധനേഷിന്‍റെ കൈനകരിയിലെ ബന്ധുവീട്ടിലാണ് രണ്ടുപേരും ഒളിവിൽ കഴിഞ്ഞത്.
ദ്വീപിന് സമാനമായ ഈ സ്ഥലത്ത് ആളുകളുടെ ശ്രദ്ധചെല്ലാനുള്ള സാധ്യത കുറവായതിനാലാണ് പ്രതികൾ സ്ഥലം തെരഞ്ഞെടുക്കാൻ കാരണം. കൃത്യ സമയത്ത് പ്രതികൾ ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. നെടുമ്പ്രക്കാടാണ് പ്രതികൾ വസ്ത്രം ഉപേക്ഷിച്ചിരുന്നത്. ഇത് പൊലീസിന് ലഭിച്ചു. നേരത്തേ കൃത്യത്തിൽ പങ്കെടുത്ത മറ്റ് പ്രതികളെ തൃശൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.