രൺജിത്-ഷാൻ കൊലക്കേസ്; പൊലീസിന്റെ ഇരട്ടനീതിയും ചർച്ചയാകുന്നു
text_fieldsകായംകുളം: കേരളത്തെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിലെ അന്വേഷണത്തിലും വിചാരണയിലും നടപ്പാക്കിയ ഇരട്ട നീതി ചർച്ചയാകുന്നു. രണ്ടാമത് നടന്ന കൊലപാതകത്തിൽ വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും ആദ്യ കേസിൽ ഇതുവരെ നടപടികളില്ലാത്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്.
ബി.ജെ.പി നേതാവായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസന്, എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാൻ എന്നിവർ കൊല്ലപ്പെട്ടതിലെ പൊലീസ് നീക്കത്തിൽ തുടക്കം മുതൽ ഇരട്ടത്താപ്പ് പ്രകടമായിരുന്നു.
സംഭവം നടന്ന് രണ്ട് വർഷം പൂർത്തിയാകുമ്പോൾ രൺജിത്ത് കേസിൽ അന്വേഷണ-വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. ജാമ്യത്തിനുള്ള അവസരം നൽകാതെ അതിവേഗ നടപടികളിലൂടെയാണ് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയിരിക്കുന്നത്.
രൺജിത്ത് വധത്തിന്റെ തലേദിവസമുണ്ടായ ഷാൻ കേസിൽ ഇതുവരെ വിചാരണ തുടങ്ങാനാകാത്തതിലെ നീതികേട് ചോദ്യം ചെയ്യപ്പെടുകയാണ്. 2021 ഡിസംബര്‍ 19 ന് പുലർച്ചയാണ് ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തുന്നത്.
18 ന് രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിച്ച ഇദ്ദേഹത്തെ മണ്ണഞ്ചേരിക്ക് സമീപത്ത് വെച്ച് കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. സംഭവത്തിൽ ജില്ല പ്രചാരക് അടക്കം 13 ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
രണ്ട് കേസിലുമുള്ള പ്രാഥമിക കുറ്റപത്രം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പൊലീസ് പിന്നീട് ഒരു കേസിലെ നടപടികളിൽ മനപൂർവം വീഴ്ച വരുത്തുകയായിരുന്നുവെന്നാണ് ആരോപണം. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് സമീപനം പ്രകടമായിരുന്നു. അന്നത്തെ ജില്ല പൊലീസ് മേധാവിയുടെ താൽപര്യങ്ങളാണ് കേസുകളിൽ നിഴലിച്ചത്.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന കെ.വി. ബെന്നിക്കും പാളിച്ച സംഭവിച്ചത്രെ. ശരിയായ ദിശയിൽ അന്വേഷണം കൊണ്ടുപോകാതെ സമ്മർദങ്ങൾക്ക് വഴങ്ങിയതായാണ് ആക്ഷേപം.
ഷാൻ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനായി നടപടികളിൽ വീഴ്ച വരുത്തുകയായിരുന്നു. സി.പി.എമ്മുകാരനെ കൊലപ്പെടുത്തിയ പ്രതികളടക്കമുള്ളവർ ഉൾപ്പെട്ടിട്ടും അയഞ്ഞ സമീപനമുണ്ടായതിലെ താൽപര്യങ്ങളും ശ്രദ്ധേയമായിരുന്നു.
ആർ.എസ്.എസ് കാര്യാലയത്തില്‍ ഗൂഢാലോചന നടന്നതായി എഫ്.ഐ.ആറിൽ പറഞ്ഞിട്ടും തുടർ അന്വേഷണങ്ങളോ ഗൂഡാലോചനക്കാരിലേക്ക് എത്തുന്നതിനോ തയാറായില്ല. ഇരട്ട നീതി ചർച്ചയായതോടെ ഒരാഴ്ച മുമ്പ് മത്രമാണ് ഷാൻ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസ് അടുത്താഴ്ച ആലപ്പുഴ സെഷൻസ് കോടതി പരിഗണിക്കുമെന്നാണ് അറിയുന്നത്.
ഞങ്ങൾക്കും നീതി കിട്ടണം -ഷാന്റെ പിതാവ്
ആലപ്പുഴ: ഞങ്ങൾക്കും നീതി കിട്ടണമെന്ന് ആലപ്പുഴയിൽ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കെ.എസ് ഷാന്റെ പിതാവ് എച്ച്. സലീം. ഷാൻ കൊല്ലപ്പെട്ടത് 41 മുറിവുകളേറ്റാണ്. അവ തന്റെ ഹൃദയത്തിലേറ്റ മുറിവുകളായിരുന്നു. അവിടെ ചിന്തിയത് തന്റെ രക്തമാണ്.
രൺജിത്തിന്റെ കൊലപാതകത്തിൽ 15 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രൺജിത്ത് വധിക്കപ്പെടാൻ കാരണമെന്ന് പലരും പറയുന്നത് ഷാൻ കൊല്ലപ്പെട്ടതാണെന്നാണ്. ഷാൻ നിരായുധനായി വീട്ടിലേക്ക് പോകുന്നവഴി വാഹനം ഇടിച്ചിട്ട് കൊല്ലുക എന്ന ഉദ്ദേശത്തോടെ 41 മുറിവുകൾ ഏൽപിക്കുകയായിരുന്നു. മകന്റെ രക്തസാക്ഷിത്വം മുതലെടുത്ത് രാഷ്ട്രീയമായി തനിക്ക് ഒന്നും നേടാനില്ല.
തന്റെ ആഗ്രഹം മകനെ കൊലപ്പെടുത്തിയവർ ശിക്ഷിക്കപ്പെടണമെന്നതാണ്. പക്ഷേ, ഇവിടുത്തെ വ്യവസ്ഥിതിയിൽ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം നിർണായകമാണെന്നാണ് മനസ്സിലാകുന്നത്. രണ്ട് വർഷമെടുത്ത് ഒരു കേസ് വിചാരണ ചെയ്ത് വിധി പറയാറായപ്പോഴാണ് തന്റെ മകന്റെ കേസിൽ പ്രോസിക്യൂട്ടറെ ഓട്ടോ ഡ്രൈവറായ തന്റെ കുടുംബത്തിനായി ശബ്ദിക്കാൻ ആരുമില്ലായിരുന്നു.
നീതി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും ആഗ്രഹമാണ്. ആ ആഗ്രഹം മാത്രമെ തനിക്കുള്ളൂ. ഇനിയും വൈകാതെ വിചാരണ വേഗത്തിലാക്കി കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് സലീം ‘മാധ്യമ’ത്തോട് പറഞ്ഞു.
വിധി ദിവസം കോടതി പരിസരത്ത് വൻ സുരക്ഷ
മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന അഡ്വ. രൺഞിത്ത് ശ്രീനിവാസൻ കൊലക്കേസ് വിധി വന്ന ദിവസം കോടതിയിലും പരിസരത്തും പൊലീസ് ഒരുക്കിയത് വൻ സുരക്ഷ. വിധി കേൾക്കാൻ കുടുംബത്തിന് ഒപ്പം പാർട്ടി പ്രവർത്തകരും കോടതി പരിസരത്ത് എത്തിയിരുന്നു. പ്രതികളെ കോടതിയിലേക്ക് എത്തിക്കുന്ന ജയിൽ കവാടത്തിന് സമീപം എസ്.ഡി.പി.ഐ പ്രവർത്തകരും തമ്പടിച്ചു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പൊലീസ് കനത്ത മുൻകരുതലാണ് സ്വീകരിച്ചത്.
കേസ് നടന്ന ഒന്നാം നിലയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ഒന്നിന്റെ കോടതി മുറിയിലേക്ക് ശനിയാഴ്ച ദിവസം അഭിഭാഷകർക്ക് മാത്രമായിരുന്നു പ്രവേശനം. കോടതി മുറിക്കുള്ളിൽ രൺജിത്തിന്റെ മാതാവ് വിനോദിനി, ഭാര്യ ലിഷ, മക്കൾ എന്നിവർക്ക് ഇരിപ്പടം നൽകി.
ജഡ്ജി വി.ജി. ശ്രീദേവി ചേംബറിൽ എത്തിയ ശേഷമാണ് മാധ്യമ പ്രവർത്തകരെ അവിടേക്ക് കടത്തിവിട്ടത്. അഭിഭാഷക ക്ലാർക്കുമാർക്ക് പോലും പ്രവേശനം നിഷേധിച്ചു. എന്നാൽ ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാറിനും ചുരുക്കം ചില നേതാക്കൾക്കും വിധി നേരിൽ കേൾക്കാൻ അവസരം നൽകി. വെള്ളിയാഴ്ച മുതൽ തന്നെ കോടതിയും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കോടതിക്ക് സമീപത്തുള്ള സബ് ജയിലിൽ നിന്ന് ക്വിക് റെസ്പോൺസ് ടീമിന്റെ സുരക്ഷ വലയത്തിലാണ് പ്രതികളെ കോടതിയിലേക്ക് എത്തിച്ചത്. ആലപ്പുഴയിൽ നിന്നുള്ള വൻ സംഘത്തെ മഫ്തിയിലും പലയിടത്തായി വിന്യസിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരാണെന്നുള്ള ജഡ്ജിയുടെ വിധി പ്രസ്താവം 15 പ്രതികളും അക്ഷോഭ്യരായാണ് കേട്ടുനിന്നത്. പ്രാഥമിക വിധി പറഞ്ഞുടനെ പ്രതികളെ കോടതിക്ക് പുറത്തേക്ക് മാറ്റി.
തുടർന്ന് സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന വാദമുഖം അവതരിപ്പിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നായിരുന്നു വാദം. ഇതിന് ശേഷം നടപടിക്രമകൾ പൂർത്തിയാക്കി കോടതി പിരിയുകയായിരുന്നു.
കായംകുളം ഡി.വൈ.എസ്.പി ജി. അജയനാഥ്, മാവേലിക്കര സി.ഐ സി. ശ്രിജിത്ത്, വള്ളികുന്നം സി.ഐ ഷാജിമോൻ, മാന്നാർ സി.ഐ ജോസ്മാത്യു, ചെങ്ങന്നൂർ സി.ഐ എ.സി. വിപിൻ, കുറത്തികാട് സി.ഐ മോഹിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.
കോടതിയിൽനിന്ന് നല്ല നീതി പ്രതീക്ഷിക്കുന്നു -രൺജിത്ത് ശ്രീനിവാസന്റെ മാതാവ്
മാവേലിക്കര: മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ നിന്ന് തനിക്കും കുടുംബത്തിനും നല്ല നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസിന്റെ മാതാവ് വിനോദിനി. രൺജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിന്റെ വിധി േകൾക്കാൻ മാവേലിക്കര കോടതിയിൽ എത്തിയതായിരുന്നു വിനോദിനി.
മകൻ നിരപരാധിയായിരുന്നു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും അവർ പറഞ്ഞു. പ്രോസിക്യൂഷൻ നടപടികളിൽ സംതൃപ്തിയുണ്ടെന്ന് രൺജിത്തിന്റെ ഭാര്യ അഡ്വ. ലിഷയും പ്രതികരിച്ചു. പ്രതികളായ 15 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. രൺജിത്തിന്റെ മക്കളും ഇവർക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.