രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്; വിചാരണക്കിടെ വീണ്ടും സ്റ്റേ
text_fieldsമാവേലിക്കര: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിലെ പത്തും പതിനൊന്നും സാക്ഷികളായ നന്ദു, സുജിത്ത് എന്നിവരുടെ സാക്ഷി വിസ്താരം വെള്ളിയാഴ്ച മാവേലിക്കര അഡീഷനൽ ജഡ്ജി വി.ജി.ശ്രീദേവി മുമ്പാകെ പൂർത്തിയായി. സമീപവാസിയായ താൻ രഞ്ജിത്തിന്‍റെ അമ്മയുടെ നിലവിളി കേട്ട് വീട്ടിലേക്ക് ഓടി ചെന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി കൊടുത്തയാളെയാണ് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ്. ജി.പടിക്കൽ ആദ്യമായി വിസ്തരിച്ചത്.
തുടർന്ന് സംഭവ ദിവസം തലവടി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ നാല് മോട്ടോർ സൈക്കിളുകളിൽ എട്ട് പേർ കൂട്ടമായി പോകുന്നത് കണ്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ധരിപ്പിച്ച സാക്ഷിയെയും കോടതിയിൽ വിസ്തരിച്ചു.തുടർന്ന്, രഞ്ജിത്തിന്‍റെ വീടിന് സമീപമുള്ള ഇടറോഡിലേക്ക് സംഭവത്തിന് തൊട്ടു മുമ്പ് ആറ് ഇരുചക്രവാഹനങ്ങൾ കടക്കുന്നതിന്‍റെ സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ച പേപ്പർ കടയുടെ മാനേജരെയും വിസ്തരിച്ചു.
എന്നാൽ, ഈ സാക്ഷിയുടെ ചീഫ് വിസ്താരം പ്രോസിക്യൂട്ടർ പൂർത്തിയാക്കിയപ്പോഴേക്കും കേസ് നടപടികൾ ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തതായി പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി സ്റ്റേ ഉത്തരവ് ഹാജരാക്കാൻ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.കേസിൽ നിലവിൽ ദൃക്സാക്ഷികൾ ഉൾപ്പെടെ പതിനൊന്ന് സാക്ഷികളുടെ വിചാരണയാണ് പൂർത്തിയായിട്ടുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.