രൺജിത് ശ്രീനിവാസൻ വധം: പ്രതിഭാഗത്തിന്റെ വാദം കേട്ടു
text_fieldsമാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന്റെ വാദം കേട്ട മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി കേസ് വീണ്ടും പരിഗണിക്കാൻ വ്യാഴാഴ്ചയിലേക്ക് മാറ്റി. പ്രതികളെ ഓൺലൈനായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച പ്രതികളുടെ ഭാഗം കൂടി കേട്ടശേഷമാകും ശിക്ഷ വിധിക്കുക. ജയിൽ സൂപ്രണ്ട്, മാനസികാരോഗ്യ വിദഗ്ധൻ തുടങ്ങിയവരുടെ റിപ്പോർട്ട് കോടതി തേടി. റിപ്പോർട്ട് കിട്ടിയശേഷമാണ് വിധി പ്രഖ്യാപിക്കുക.
കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ പി.പി. ഹാരിസ് ഹാജരായി. രൺജിത് ശ്രീനിവാസ് കൊലക്കേസ് രാഷ്ടീയ കൊലപാതകമാണെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നും പറഞ്ഞു. നിരവധി രാഷ്ടീയ കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ല. ഷാനെ കൊന്നതിന്റെ സ്വാഭാവിക പ്രതികരണം മാത്രം.
പ്രതികൾക്ക് പരമാവധി ശിക്ഷ ഇളവ് നൽകണമെന്നും 50 വയസ്സിന് താഴെയുള്ള, കുടുംബവും കുട്ടികളും ഉള്ളവരായതിനാൽ വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമായതിനാൽ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾ എല്ലാവരും നിരോധിത സംഘടനയുടെ ഭാഗമായതിനാൽ പ്രായത്തിന്റെ ആനുകൂല്യത്തിന് അർഹതയില്ലെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.