ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധം: കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ മാറ്റി
text_fieldsആലപ്പുഴ: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസൻ കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി മാറ്റി. പ്രതികൾ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കേസ് വാദം മാറ്റിയത്.
ഹൈകോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഈ സാഹചര്യത്തിൽ കേസ് വെള്ളിയാഴ്ച മാവേലിക്കര കോടതിയിൽ വീണ്ടും പരിഗണിക്കും. ഹൈകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ അന്നേ ദിവസം പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.
രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ ഒമ്പതു മുതൽ 15 വരെ പ്രതികൾ കൊലപാതകത്തിനായി ആയുധം ഉപയോഗിച്ചതായി പ്രഥമദൃഷ്ട്യാ തെളിവ് ഇല്ലാത്തതിനാൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന് പ്രാഥമിക വാദത്തിനിടെ പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ, നിയമവിരുദ്ധമായ ഒരു സംഘത്തിലെ ഒരാൾ ചെയ്യുന്ന കുറ്റകരമായ പ്രവൃത്തി എല്ലാ പ്രതികൾക്കും ബാധകമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൊലപാതകം നടന്നതിന്‍റെ തലേദിവസം രാത്രി മുതൽ പ്രതികൾ വ്യത്യസ്ത സ്ഥലങ്ങളിലായി നാലുതവണ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ അത് ശരിവെക്കുന്നതായും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതിയിൽ ചൂണ്ടിക്കാട്ടി.2021 ഡിസംബർ 19ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.