രഞ്ജിത് ശ്രീനിവാസൻ വധം: പ്രതികളുടെ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസിൽ ഹാജരാകുന്ന പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി പരിസരത്ത് പൊലീസിനെ വിന്യസിക്കണമെന്ന് ഹൈകോടതി. വിചാരണസമയത്ത് മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശം നൽകി.
പ്രതികളുടെ ആവശ്യപ്രകാരം കേസിൽ ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്തുന്നതിന് സമയം അനുവദിച്ച കോടതി ജനുവരി 16ന് തുടങ്ങാനിരുന്ന വിചാരണ ഒരു മാസം നീട്ടിവെക്കാനും ഉത്തരവിട്ടു. കേസിലെ 15 പ്രതികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ആലപ്പുഴ ബാറിലെ അഭിഭാഷകനായ രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് ബാറിലെ അഭിഭാഷകർ തീരുമാനിച്ചതിനാൽ പ്രതികളുടെ അപേക്ഷ കണക്കിലെടുത്ത് വിചാരണ നടപടികൾ മാവേലിക്കര അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റി നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മാവേലിക്കര കോടതിയിലെ അഭിഭാഷകരും വിചാരണയുമായി സഹകരിക്കുന്നില്ലെന്ന് പ്രതികൾ ചൂണ്ടിക്കാട്ടി. ചില അഭിഭാഷകർക്ക് താൽപര്യമുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ വിചാരണ കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
എന്നാൽ, കോടതി മാറ്റത്തെ പ്രോസിക്യൂഷനും കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍റെ മാതാവും എതിർത്തു. കേസിലെ മുഴുവൻ സാക്ഷികളും ആലപ്പുഴ സ്വദേശികളായതിനാൽ വിചാരണക്കോടതി മാറ്റുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയ കോടതി ഈ ആവശ്യം അനുവദിച്ചില്ല. അതേസമയം, രാഷ്ട്രീയ, മത വൈരാഗ്യത്തെ തുടർന്നുള്ള സംഭവമായതിനാൽ പ്രതികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.