രഞ്ജിത് ശ്രീനിവാസൻ, ഷാൻ വധം: യു.എ.പി.എയിൽ നിയമോപദേശം തേടി
text_fieldsകൊച്ചി: ആലപ്പുഴയിലെ രഞ്ജിത് ശ്രീനിവാസൻ, കെ.എസ്. ഷാൻ വധക്കേസുകളിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ യു.എ.പി.എ ചുമത്താനാകുമോ എന്ന് പൊലീസ് നേരത്തേ നിയമോപദേശം തേടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധിക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ യു.എ.പി.എ ചുമത്തേണ്ടതല്ലേയെന്ന് ജില്ല കോടതി ആരാഞ്ഞതിന് പിന്നാലെയാണ് നിയമോപദേശം തേടിയിരുന്നത്. യു.എ.പി.എക്ക് തടസ്സമില്ലെന്നായിരുന്നു ഡി.ജി.പിയുടെ നിയമോപദേശം. തുടർന്ന് സമാന രാഷ്ട്രീയ കൊലപാതകങ്ങളിൽ നിയമോപദേശത്തിന് തീരുമാനിക്കുകയായിരുന്നു. രഞ്ജിത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിലെ കേസ് ഡയറിയടക്കം പരിശോധിച്ച ശേഷമായിരിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ തീരുമാനം അറിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.