ബംഗാളി നടിയുടെ പരാതി: കേസുകൾ റദ്ദാക്കണമെന്ന് രഞ്ജിത്തിന്റെ ഹരജി
text_fieldsകൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത് ഹൈകോടതിയിൽ. 2009ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ആഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ഹരജിയിൽ പറഞ്ഞു. ഹരജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ വിശദീകരണം തേടി.
2009ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷന് വേണ്ടി എറണാകുളത്തെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയ ശേഷം ലൈംഗിക താൽപര്യത്തോടെ രഞ്ജിത് സ്പർശിച്ചുവെന്നായിരുന്നു നടിയുടെ പരാതി. തുടർന്നാണ് കേസെടുത്തത്. കഴിഞ്ഞ നവംബർ 16ന് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അന്തിമ റിപ്പോർട്ട് നൽകി. പരാതി നൽകാൻ കാലതാമസം ഉണ്ടായതിനാൽ തുടർ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസമുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിച്ചതെന്നുമാണ് ഹരജിയിൽ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.