റാന്നിയിൽ കേരള കോൺഗ്രസ് അംഗം ശോഭ ചാണ്ടിയെ പിന്തുണച്ചത് കരാറിന്‍റെ അടിസ്ഥാനത്തിലെന്ന് ബി.ജെ.പി
text_fieldsറാന്നി: റാന്നി ഗ്രാമപഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം അംഗം ശോഭ ചാണ്ടിയെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പിന്തുണച്ചത് കരാറിന്‍റെ അടിസ്ഥാനത്തിലെന്ന് ബി.ജെ.പിയുടെ വെളിപ്പെടുത്തൽ. കേരള കോൺഗ്രസിന്‍റെ ഒഴികെ എൽ.ഡി.എഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ശോഭ ചാണ്ടി ഉറപ്പ് നൽകിയെന്ന് കരാറിൽ ഒപ്പുവെച്ച ബി.ജെ.പി റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈൻ ജി. കുറുപ്പ് വെളിപ്പെടുത്തി. ബി.ജെ.പിയും കേരള കോൺഗ്രസ് മാണി വിഭാഗവും തമ്മിലുള്ള കരാറിന്‍റെ പകർപ്പ് മീഡിയവൺ ചാനലാണ് പുറത്തുവിട്ടത്.
ബി.ജെ.പി വാർഡ് അംഗങ്ങളാണ് ശോഭ ചാണ്ടിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർത്തിയ സ്ഥാനാർഥികളെ എൽ.ഡി.എഫ് പിന്തുണച്ചിട്ടുണ്ട്. എൽ.ഡി.എഫിൽ നിന്ന് പുറത്തുവന്നതു കൊണ്ട് മാത്രമാണ് ശോഭ ചാണ്ടിയെ പിന്തുണക്കാൻ കാരണം. സി.പി.എം അനുകൂല നിലപാടെടുത്താൽ ശോഭയെ പിന്തുണക്കാൻ ബി.ജെ.പിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ശോഭ ചാണ്ടിയെ അനുകൂലിച്ച് വോട്ട് ചെയ്തതെന്നും ഷൈൻ ജി. കുറുപ്പ് വ്യക്തമാക്കി.
പാർട്ടിയുടെ രണ്ടംഗങ്ങൾ നേതൃത്വവുമായി ആലോചിക്കാതെയാണ് ശോഭ ചാണ്ടിയെ പിന്തുണച്ചതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എൽ.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്ത സംഭവം അന്വേഷിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുമായി ആലോചിച്ച് മേൽകമ്മിറ്റികളെ അറിയിച്ച് കൊണ്ടാണ് ശോഭ ചാണ്ടിയെ പിന്തുണക്കാൻ തീരുമാനിച്ചതെന്നാണ് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.
ബി.ജെ.പി പിന്തുണയോടെ പ്രസിഡന്‍റായ ശോഭ ചാണ്ടിയെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ശോഭ ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. എൽ.ഡി.എഫിൽ നിന്ന് പുറത്തായാൽ പാർട്ടി നിന്നും പുറത്താകുമെന്ന പ്രതികരണമാണ് കേരള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.