കോടതി ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
text_fieldsകൊല്ലം: കോടതി ജീവനക്കാരിയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. മങ്ങാട് കൊതുമ്പിൽ കിഴക്കതിൽ വീട്ടിൽ സജിയെ (49) ആണ് കുറ്റക്കാരനെന്ന് കണ് ട് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ബലാത്സംഗത്തിന് പത്ത് വർഷം കഠിന തടവും 50,000 രൂപ പിഴയും അതിക്രമിച്ച് കടന്നതിന് പത്ത് വർഷം കഠിനതടവും ആണ് ശിക്ഷ. ഒരേ കാലയളവിൽ ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി പിഴത്തുക കൊല്ലപ്പെട്ട സ്ത്രീയുടെ മകൾക്ക് നൽകണമെന്നും നിർദേശിച്ചു.
2013 ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവനക്കാരിയെ എല്ലാ ദിവസവും രാവിലെ ഓട്ടോറിക്ഷയിൽ കോടതിയിൽ എത്തിച്ചിരുന്നത് സജിയാണ്. സംഭവദിവസവും പതിവുപോലെ എത്തിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി വസ്ത്രം മാറിക്കൊണ്ടിരുന്ന ജീവനക്കാരിയെ നിലത്ത് തള്ളിയിട്ട് തലയ്ക്ക് പരിക്കേൽപ്പിച്ച ശേഷം മാനഭംഗപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാൻ കഴുത്തിൽ മൊബൈൽ കോഡ് വയർ ഉപയോഗിച്ച് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീയുടെ മകൾ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സജി രാവിലെ ഇവിടെ നിന്ന് മടങ്ങിപ്പോകുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകുകയും ചെയ്തു. കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ സജി കുറ്റം സമ്മതിച്ചു.
സ്ത്രീയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ സ്രവം പ്രതിയുടെ ഉമിനീരാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ രേഖകളും തെളിവായി കോടതിയിൽ ഹാജരാക്കിയ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചതിന് പുറമെ 37 രേഖകളും 22 തൊണ്ടി മുതലുകളും ഹാജരാക്കി. ഇരവിപുരം സി.ഐമാരായിരുന്ന ബാലാജി, അമ്മിണിക്കുട്ടൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.