കോഴിക്കോട്ട് ആശുപത്രി ജീവനക്കാരൻ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി
text_fieldsഉള്ള്യേരി (കോഴിക്കോട്): അത്തോളി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് കോവിഡ് സെൻററിൽ ജോലിയിലുണ്ടായിരുന്ന ക്ലറിക്കൽ വിഭാഗം ജീവനക്കാരൻ ചേളന്നൂർ സ്വദേശി പി. അശ്വിൻ കൃഷ്‌ണയെ ആശുപത്രി മാനേജ്‌മെൻറ് സസ്പെൻഡ് ചെയ്തു.
ആശുപത്രി രേഖകളിൽ നിന്നും യുവതിയുടെ ഫോൺ നമ്പർ എടുത്ത ശേഷം ഇയാൾ വാട്സ്ആപ്പിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഇക്കാര്യം രാത്രി തന്നെ യുവതി ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് രാത്രി പതിനൊന്നരയോടെ ഇയാൾ വീണ്ടും യുവതിയെ ഫോണിൽ വിളിച്ചുവെങ്കിലും യുവതി ഫോൺ എടുത്തില്ല.
അൽപസമയം കഴിഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ ആരോപണവിധേയനായ ജീവനക്കാരൻ ഡോകടർ വിളിക്കുന്നതായി അറിയിക്കുകയും താഴേക്കു കൊണ്ടുപോകുന്നതിന് പകരം ലിഫ്റ്റിൽ ആളൊഴിഞ്ഞ മുകളിലെ നിലയിൽ എത്തിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
ലിഫ്റ്റിൽ കയറി രക്ഷപ്പെട്ട യുവതി താഴെ നിലയിൽ എത്തിയ ശേഷമാണ് മറ്റു രോഗികളും ജീവനക്കാരും വിവരം അറിയുന്നത്. യുവതി ജീവനക്കാരനെ തടഞ്ഞുവെക്കുന്നതും ഇയാളോട് കയർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുവതിയുടെ പരാതിയെ തുടർന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെ തുടർന്ന് ആശുപത്രിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.