കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡന ശ്രമം; ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‍പെൻഷൻ
text_fieldsതിരുവനന്തപുരം: യാത്രക്കാരിയുടെ പീഡന പരാതിയിൽ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ ഷാജഹാനെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പത്തനംതിട്ട-ബംഗളൂരു യാത്രക്കിടെ കെ.എസ്.ആർ.ടി.സി സൂപ്പര്‍ ഡീലക്‌സ് ബസിൽ വെച്ച് ഡ്രൈവർ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യാത്രക്കാരി പരാതി നൽകിയിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം.
സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാൾ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാൽ വാട്ട്സ് ആപ്പിൽ വോയിസ് മെസേജ് അയക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാർത്താ മാധ്യമങ്ങളിൽ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു.
വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണ്. കോടതിയിൽ പോകുമെന്നും പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി വാർത്താ കുറിപ്പിൽ അറിയിച്ചു.
മാധ്യമങ്ങളിൽ ഇയാൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിക്കും സ്ഥാപനത്തിനും അപകീർത്തി പരത്തുന്നതും വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവർത്തി കുറ്റകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനേജ്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനിയാണ് ഷാജഹാനെതിരെ ഇ- മെയിൽ വഴി കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി നൽകിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് വെച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. ബംഗളൂരുവില്‍ എത്തിയ ശേഷം ഇ-മെയിലിലാണ് യുവതി പരാതി നല്‍കിയത്. പരാതിയില്‍ കെ.എസ്.ആർ.ടി.സി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.