ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ അറസ്റ്റിന് സാധ്യത
text_fieldsതിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിന്റെ അറസ്റ്റിന് സാധ്യത. സുപ്രീംകോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹരജി തള്ളിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ തെളിവുകൾ ലഭിച്ചിട്ടും നടനെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ചയോളം ഒളിവിൽപോയ നടന് സുപ്രീംകോടതിയെ സമീപിക്കാൻ സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപം. പിന്നീട്, സിദ്ദീഖിനെതിരെ ശക്തമായ പരാമർശങ്ങളുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബലാത്സംഗക്കേസിൽ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച ഘട്ടത്തിലും അറസ്റ്റിന് ശ്രമിച്ചില്ല.
2016 ജനുവരി 28ന് നടൻ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകൾ പ്രത്യേകസംഘത്തിന് ലഭിച്ചു. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയിലാണ് പീഡനമെന്നായിരുന്നു മൊഴി. ജനൽ കര്ട്ടൻ മാറ്റിയാല്‍ സ്വിമ്മിങ് പൂള് കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛനും അമ്മയും കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. യുവതിയുടെ മൊഴികൾ വസ്തുതപരമാണെന്ന് കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തില്ല.
ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടപ്പോഴെല്ലാം അന്വേഷണസംഘം മുമ്പാകെ ഹാജരായിട്ടുണ്ടെന്നും വ്യക്തമാക്കി സിദ്ദീഖ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
പഴയ ഫോണുകൾ ഇപ്പോൾ തന്റെ കൈവശമില്ല. ഫോൺ നമ്പർ അടക്കം തന്റെ പക്കലുള്ളതെല്ലാം അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. പൊലീസ് തന്നെ അന്യായമായി പിന്തുടരുകയാണെന്നും സീദ്ദീഖ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസും രണ്ടുദിവസം മുമ്പ് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. പ്രാരംഭ അന്വേഷണത്തിൽ സിദ്ദീഖിനെതിരെ തെളിവുകൾ ലഭിച്ചിരുന്നു. കൂടുതൽ വിവരം ശേഖരിക്കാൻ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 30ന് സിദ്ദീഖിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. പരാതി നൽകാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് സിദ്ദീഖിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.