ബാലചന്ദ്രകുമാറിന് എതിരായ ബലാത്സംഗ കേസ്; അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
text_fieldsആലുവ: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന ആരോപണ കേസിൽ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഹൈടെക് സെല്ലാണ് ആലുവ കോടതിയിൽ ശനിയാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മുൻപ് മേയ് 19 ന് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ കോടതി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് വീണ്ടും റിപ്പോർട്ട് നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ പീഡന പരാതി ഉയർന്നത്. 2010ല്‍ കൊച്ചിയിലെ ഒരു വീട്ടില്‍വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് ഹോം നഴ്സായ യുവതിയുടെ പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ താമസിച്ചതെന്നും യുവതി പറഞ്ഞിരുന്നു.
എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, കാര്യമായ പുരോഗതി അന്വേക്ഷണത്തിൽ ഉണ്ടായിരുന്നില്ല. അതിനിടെ, ജോലി ദാതാവ് വഴിയും സുഹൃത്തുക്കൾ വഴിയും തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നതായി പരാതിക്കാരി ആരോപിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരിട്ടു പരാതി നൽകി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ. വിമല ബിനു മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചു. ഹരജി സ്വീകരിച്ച കോടതി ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മേയ് 19 ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അപൂർണ്ണമാണെന്ന് പറഞ്ഞ് കോടതി തള്ളി. തുടർന്ന് ശനിയാഴ്ച്ച പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന് ഒപ്പം അന്വേഷണ സംഘത്തിൻറെ കൈവശമുള്ള സീഡികളും ഹാജരാക്കാൻ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.
ശനിയാഴ്ച ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി റിപ്പോർട്ട് തൃപ്തികരമല്ലെന്നും തെളിവുകൾ നശിപ്പിച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി പൊലീസിന് കോടതി മുൻപാകെ നൽകാൻ സാധിച്ചില്ലെന്നും പരാമർശിച്ചു.
ബാലചന്ദ്രകുമാറിനെതിരെ പൊലീസിൻറെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും മൊബൈൽ ഫോൺ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല എന്നതും അഭിഭാഷക കോടതിയെ അറിയിച്ചു. അന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന കോടതിയുടെ ചോദ്യത്തിന് കാലതാമസം ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്.
ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം ഇതുവര പൂർത്തിയാകാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനപൂർവ്വമായ അലംഭാവവും ബാഹ്യ സമ്മർദങ്ങളും മൂലമാണെന്ന് അഭിഭാഷക ആരോപിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വാക്കാൽ നിർദ്ദേശിച്ചു.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായ വൈക്കം പൊലീസ് സ്റ്റേഷനിലെ സി.ഐ ഇരയുടെ സുഹൃത്ത് വഴി ഇരയെ സ്വാധീനിക്കാൻ നടത്തിയ ശ്രമം തന്നെ ഞെട്ടിച്ചുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ മറ്റൊരു ഏജൻസിയെ ഏൽപ്പിക്കാത്ത പക്ഷം സുതാര്യമായ രീതിയിൽ ഈ അന്വേഷണം മുന്നോട്ട് പോകില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. എന്നാൽ, അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മജിസ്ട്രേറ്റ് കോടതിക്ക് പരിമിതികൾ ഉണ്ടെന്നും ഇരക്ക് ഇതിനായി ഉന്നത നീതിപീഠത്തെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇരക്ക് നീതി ഉറപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്നും അന്വേഷണ ഏജൻസിയെ മാറ്റുന്നതിന് ഉൾപ്പെടെ നിയമനടപടി ഉടൻ സ്വീകരിക്കുമെന്നും അഭിഭാഷക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.