ഒമ്പതുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: നിലമ്പൂരിൽ മകളുടെ കൂട്ടുകാരിയും ഒമ്പതുവയസ്സുകാരിയുമായ മദ്റസ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈകോടതി ശരിവെച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ല് പാലപ്പറമ്പത്ത് അബ്ദുൽ നാസറിന് മഞ്ചേരി സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. കൊലപാതകത്തിന് വധശിക്ഷയും ബലാത്സംഗത്തിന് ഏഴുവര്‍ഷത്തെ തടവുശിക്ഷയുമായിരുന്നു സെഷൻസ് കോടതി വിധിച്ചത്.
2012 ഏപ്രില്‍ നാലിന് രാവിലെ ഏഴിനാണ് മദ്റസയിലേക്ക് പോകുകയായിരുന്ന ഒമ്പതുകാരിയെ പ്രതി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. കൂട്ടുകാരിയെ വിളിക്കാൻ പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഭാര്യയും മകളും സമീപത്തെ മരണവീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്ന പ്രതി കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മദ്റസയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ലെന്ന് കാണിച്ച് മാതൃസഹോദരന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്രതിയുടെ വീട്ടിലെ ബാത്ത്‌റൂമില്‍ കണ്ടെത്തിയത്. 2013 ജൂലൈയിലായിരുന്നു സെഷൻസ് കോടതി വിധി.
പ്രോസിക്യൂഷൻ ഉയർത്തിയ വാദമുഖങ്ങൾ വ്യക്തമായി തെളിയിക്കാനായിട്ടുണ്ടെന്നും ഇതിെൻറ അടിസ്ഥാനത്തിലുള്ള വിചാരണക്കോടതി വിധി ശരിവെക്കുന്നതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കൂട്ടുകാരിയുടെ പിതാവ് എന്ന നിലയിൽ കുട്ടിക്കുണ്ടായിരുന്ന വിശ്വാസം ദുരുപയോഗം ചെയ്താണ് ക്രൂരമായ തരത്തിൽ പീഡനവും കൊലപാതകവും നടത്തിയതെന്ന് കോടതി വിലയിരുത്തി. 45 വയസ്സുള്ള ഒരാളാണ് ഒമ്പത് വയസ്സായ കുട്ടിയെ ഇൗ ക്രൂരകൃത്യത്തിനിരയാക്കിയത്. കൂട്ടുകാരിയുടെ പിതാവായ പ്രതി തന്നോട് പിതാവിനെപ്പോലെ പെരുമാറുമെന്നാകും ആ കുട്ടി പ്രതീക്ഷിച്ചിട്ടുണ്ടാവുക. കുറ്റകൃത്യം മറച്ചുെവക്കാനും തെളിവ് നശിപ്പിക്കാനും മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ആദ്യം കട്ടിലിനടിയിലും പിന്നീട് ബാത്ത്റൂമിലും സൂക്ഷിച്ചതെന്നും വ്യക്തമാണ്.
ഇത്തരം കേസുകളിൽ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഞെട്ടിപ്പിക്കുന്നതും അതിക്രൂരവുമായ കുറ്റകൃത്യമാണ് സമൂഹത്തോട് പ്രതി ചെയ്തത്. കോടതിെയയും ഞെട്ടിച്ച സംഭവമാണിത്. കേസുമായി ബന്ധപ്പെട്ട ഒാരോ സാഹചര്യവും കുറ്റകൃത്യത്തിെൻറ ആഴം വർധിപ്പിക്കുന്നുണ്ട്. അതിനാൽ, അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് വിലയിരുത്തിയ കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.