പള്ളിമേടയിൽ പീഡനം: വൈദികന്‍റെ ശിക്ഷ ഹൈകോടതി ശരിവെച്ചു; 20 വർഷം കഠിന തടവ്
text_fieldsകൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ വികാരിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് ഹൈകോടതി ശരിവെച്ചു. എറണാകുളം പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന തൃശൂര്‍ പൂമംഗലം അരിപ്പാലം പതിശ്ശേരിയില്‍ ഫാ. എഡ്വിന്‍ ഫിഗരസിന് എതിരായ എറണാകുളം അഡീ. സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക) കോടതിയുടെ വിധിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
അതേസമയം, ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന വിധി ഹൈകോടതി പരിഷ്കരിച്ചു. ശിക്ഷായിളവില്ലാതെ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി.ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇരുവരും നൽകിയ അപ്പീൽ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
2015 ജനുവരി 12 മുതൽ മാർച്ച് 28 വരെ പലപ്പോഴായി പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ വടക്കേക്കര പൊലീസാണ് കേസെടുത്തത്. കേസെടുത്തതിന്‍റെ പിറ്റേന്ന് ഇന്ത്യ വിട്ട ഹരജിക്കാരന്‍ ഏപ്രില്‍ 24ന് തിരിച്ചെത്തി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ജീവിതാന്ത്യം വരെ തടവുശിക്ഷക്ക് പുറമെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം കഠിന തടവും വിധിച്ചിരുന്നു. എല്ലാ വകുപ്പുകളിലെയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവുമെന്നും വിവിധ വകുപ്പുകളിലായി 2.15 ലക്ഷം രൂപ പിഴ അടക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.