പീഡനക്കേസ്: ഹൈകോടതി രഹസ്യവാദം കേൾക്കും
text_fieldsകൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ അഭിഭാഷകൻ പി.ജി. മനു നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി രഹസ്യവാദം കേൾക്കും. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ പരിഗണനയിലുള്ളത്. ജാമ്യ ഹരജി പരിഗണനക്കെടുത്തപ്പോൾ ഇരയുടെ താൽപര്യം കണക്കിലെടുത്ത് വാദം കേൾക്കുന്നത് ‘ഇൻ കാമറ’യിലാക്കണമെന്ന് അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനു മുൻകൂർ ജാമ്യ ഹരജി നൽകിയത്. യുവതി വ്യാജ പരാതി നൽകുകയായിരുന്നെന്നും വ്യക്തമാക്കുന്നു.
നേരത്തേ ഹരജിയിൽ കോടതി സർക്കാറിന്‍റെ വിശദീകരണം തേടിയിരുന്നു. ജാമ്യഹരജിയെ എതിർത്ത് കക്ഷി ചേർന്ന് ഇര നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
സഹായം തേടി ചെന്ന തന്നെ അഭിഭാഷകൻ പലതവണ ലൈംഗികമായി ചൂഷണം ചെയ്തു, രണ്ടുതവണ ബലാത്സംഗം ചെയ്തു എന്നും യുവതിയുടെ ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.