പീഡനക്കേസിൽ പി.സി. ജോർജ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കായി യുവതിയെ ഗെസ്റ്റ്‌ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എം.എൽ.എയും ജനപക്ഷം നേതാവുമായ പി.സി. ജോർജ് അറസ്റ്റിൽ. പീഡന പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌ത ജോർജിനെ രാത്രി ഏഴോടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയിൽ ഹാജരാക്കി. ആഴ്ചകൾക്ക് മുമ്പാണ് മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയതിന് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും പിന്നീട് കോടതി ജാമ്യം അനുവദിച്ചതും.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ഗൂഢാലോചന നടത്തിയെന്ന കേസിലുൾപ്പെട്ട പി.സി. ജോർജ് ഇതിനായി പരാതിക്കാരിയുടെ സഹായം തേടിയിരുന്നത്രേ. മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സ്വപ്‌ന തന്നോട് വെളിപ്പെടുത്തിയെന്ന് പറയണമെന്നാവശ്യപ്പെട്ട് ജോർജ് യുവതിയെ കഴിഞ്ഞ ഫെബ്രുവരി 10ന് തൈക്കാട് ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും അവിടെവെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസന്വേഷിക്കുന്ന പ്രത്യേകസംഘത്തിനും കോടതിയിലും രഹസ്യമൊഴി നൽകിയ യുവതി ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
മകനും ഓട്ടോ ഡ്രൈവർക്കുമൊപ്പം ഗെസ്റ്റ്‌ഹൗസിലെത്തിയ പരാതിക്കാരിയെ ജോർജ് 404ാം നമ്പർ മുറിയിലേക്ക് വിളിപ്പിച്ചു. മകനെ ഡ്രൈവർക്കൊപ്പം പുറത്തിരുത്തി. മുറിയിൽ തൊടുപുഴ സ്വദേശി അനിലുമുണ്ടായിരുന്നു. ഇയാൾ പുറത്തുപോയ ശേഷം വാതിൽ അകത്തുനിന്ന് പൂട്ടിയ ജോർജ് പരാതിക്കാരിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്‌തു. ഇതിന് വിസ്സമ്മതിച്ചതോടെ ബലപ്രയോഗം നടത്തുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
ഗൂഢാലോചനക്കേസിൽ ചോദ്യംചെയ്യലിന് വിധേയനായ പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കകം കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 354, 354 എ വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ പെരുമാറൽ, സംസാരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. കന്‍റോൺമെന്‍റ് അസി. കമീഷണർ വി.എസ്. ബിനുരാജ്, സി.ഐ. പി.എസ്. ധർമജിത്ത്, എസ്.ഐമാരായ ജിജുകുമാർ, അജിത്ത്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് ജോർജിനെ കസ്റ്റഡിയിലെടുത്തത്.
മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തിയ കേസുകളിൽ പ്രതിയാണ് ജോർജെന്നും ഇത്തരത്തിലുള്ളവർക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണ് കേസെന്ന് പ്രതിഭാഗം വാദിച്ചു. മുമ്പ് പല കേസുണ്ടായിട്ടുണ്ടെങ്കിലും 70 വയസ്സുള്ള പ്രതിക്കെതിരെ ഇതുവരെ ഒരാൾ പോലും പീഡന പരാതി ഉന്നയിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ മുമ്പ് പരാതിക്കാരി പീഡന പരാതി ഉന്നയിച്ചിട്ടുണ്ടെന്നും തുറന്ന കോടതിയിൽ പ്രതിഭാഗം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.