ബലാത്സംഗക്കേസ്: സിദ്ദീഖിനെതിരെ കൂടുതൽ തെളിവ് തേടാൻ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ കൂടുതൽ തെളിവുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം വീണ്ടും സുപ്രീകോടതിയിൽ ഉന്നയിക്കും. സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുംവരെ സമയമുണ്ടെങ്കിലും നടനെ ഇനി ചോദ്യംചെയ്യേണ്ടതില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.
പ്രത്യേക അന്വേഷണസംഘം രണ്ടുതവണ സിദ്ദീഖിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ആദ്യഘട്ടം പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നത്. ഒരാഴ്ചക്കിടെ നടന്ന രണ്ടാംവട്ട ചോദ്യംചെയ്യലാകട്ടെ സിദ്ദീഖ് രേഖകൾ കൊണ്ടുവന്നില്ലെന്ന് അറിഞ്ഞതോടെ അവസാനിപ്പിച്ചു. വിശദ ചോദ്യംചെയ്യൽ നടന്നില്ലെന്നും അതിന് കസ്റ്റഡി ആവശ്യമാണെന്നും സുപ്രീംകോടതിയെ അറിയിക്കാനായിരുന്നു ഈ നീക്കം.
എന്നാൽ, സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ നീട്ടിയതോടെ അന്വേഷണ സംഘത്തിന് തിരിച്ചടിയായി. ഇത് മറികടക്കാൻ സിദ്ദീഖിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 2016ൽ സിദ്ദീഖ് ഉപയോഗിച്ച ഫോണും ലാപ്ടോപ്പുമടക്കം ഉപകരണങ്ങൾ അന്വേഷണസംഘത്തിന് ഇതുവരെ ലഭിച്ചില്ല.
ഇത് ആവശ്യപ്പെട്ടെങ്കിലും തന്റെ കൈയിൽ ഇല്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. ഇനി തെളിവുകൾ ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ, സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം വീണ്ടും സുപ്രീംകോടതിയിൽ ഉയർത്താനാണ് അന്വേഷണസംഘം അലോചിക്കുന്നത്.
ഇതുവരെ ലഭിക്കാത്ത ഡിജിറ്റൽ ഉപകരണ തെളിവുകളടക്കം സിദ്ദീഖ് നശിപ്പിക്കുമെന്നും അന്വേഷണസംഘം ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.