കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ജീവനക്കാരിയുടെ പീഡന പരാതി
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയില്‍ രാജുവിനെതിരെ നഗരസഭ ഓഫിസ് കരാര്‍ ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ കരുനാഗപ്പള്ളി അസി. പൊലീസ് കമീഷണര്‍ പരാതിക്കാരിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരുവർഷമായി ചെയർമാൻ നിരന്തരമായി മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് പരാതി. വഴങ്ങാതിരുന്നതിനാൽ വൃക്കരോഗിയായ തന്റെ ഭർത്താവിന്റെ മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞും പീഡനത്തിന് മുതിര്‍ന്നു. ചെയർമാനോടൊപ്പം വിനോദയാത്രക്ക് പലപ്രാവശ്യം നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ആറും മൂന്നും വയസ്സുള്ള പെൺകുട്ടികളുടെ മാതാവ് എന്ന നിലയിലും രോഗിയായ ഭർത്താവിന്റെ അവസ്ഥയും ഓർത്താണ് ഇത്രയും നാൾ മൂടിവെച്ചത്.
ശല്യം വർധിച്ചതിനെത്തുടർന്നാണ് പരാതി നൽകാൻ നിർബന്ധിതയായത്. ഇംഗിതത്തിന് വഴങ്ങാത്തതിൽ ഓഫിസിൽ പതിവായി മാനസികമായി പീഡിപ്പിക്കുകയാണ്. ഹരിത കർമസേനയിൽ ജോലി ചെയ്തുവന്ന തന്നെ കക്കൂസ് കഴുകുന്ന ജോലിയിലേക്ക് തരംതാഴ്ത്തിയതായും ഇവർ പരാതിപ്പെടുന്നു.
ദലിത് സ്ത്രീ എന്ന നിലയില്‍ പട്ടികജാതി-പട്ടികവര്‍ഗ കമീഷന് മുമ്പാകെ പരാതിയുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. പീഡിപ്പിക്കാൻ ശ്രമിക്കുന്നതായ വിവരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ഡോ. മീരയോട് പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് ജീവനക്കാരി സി.പി.എം സംസ്ഥാന സെക്രട്ടറിക്കും ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച് നേതാക്കൾക്കും പരാതി നൽകിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന് ജീവനക്കാരിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അടിയന്തര അന്വേഷണം നടത്തുമെന്നും പാർട്ടി നേതൃത്വം പറഞ്ഞു.
അതേസമയം വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനായി മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണ് ഈ പരാതിയെന്നും വസ്തുതയുമായി ഒരു ബന്ധമില്ലാത്തതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ കോട്ടയിൽ രാജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.