കെ.എം. ഷാജിയുടെ സ്വത്തിൽ അസാധാരണ വളർച്ച; സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം -ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: കെ.എം. ഷാജി എം.എൽ.എയുടെ സ്വത്തിൽ അസാധാരണമായ വളർച്ചയാണുണ്ടായതെന്ന് ഡി.വൈ.എഫ്.ഐ. 2006, 2011, 2016 വർഷങ്ങളിൽ ഷാജി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2006ൽ വളരെ പരിമിതമായ സ്വത്തു വിവരങ്ങൾ മാത്രമാണ് കെ.എം. ഷാജി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. എന്നാൽ 2006ൽ നിന്ന് 2016ൽ എത്തിയപ്പോഴേക്ക് ഷാജി തന്നെ പറയുന്ന കണക്കനുസരിച്ച് ഭാര്യയുടെ പേരിൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി മൂന്ന് വസ്തുവകകൾ വാങ്ങിയിട്ടുണ്ട്. 2006, 2011, 2012 വർഷങ്ങളിൽ വാങ്ങിയതാണിവ. 47,80,000 രൂപയുടെ സ്വത്താണ് അന്ന് കെ.എം. ഷാജി കാണിച്ചത്. പണമായി കൈയിൽ നാല് ലക്ഷം രൂപയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഭാര്യയുടെ പേരിലുള്ളതിന് പുറമെ 2006, 2007, 2010 കാലത്തായി മൂന്ന് വസ്തുവകകൾ കെ.എം. ഷാജിയുടെ പേരിലും വാങ്ങിയിട്ടുണ്ട്. ഇതിൽ ഒരു വസ്തു ഒഴികെ മറ്റൊന്നും തന്നെ കെ. എം. ഷാജി പാരമ്പര്യ സ്വത്തായി അവകാശപ്പെടുന്നില്ല. പത്ത് ലക്ഷം രൂപയുടെ ഒരു വായ്പയല്ലാതെ മറ്റ് വായ്പകളെ കുറിച്ചും പറയുന്നില്ല. പൊതുപ്രവർത്തകനായ കെ.എം. ഷാജിയുടെ 2006നും 2016നുംഇടയിലുള്ള, അദ്ദേഹം തന്നെ വെളിപ്പെടുത്തിയ സാമ്പത്തിക വളർച്ചയുടെ സ്രോതസ് ഏതാണെന്ന് ധാർമികതയുണ്ടെങ്കിൽ ജനങ്ങളോട് വിശദീകരിക്കാൻ അദ്ദേഹം തയാറാവണമെന്ന് എ.എ. റഹീം ആവശ്യപ്പെട്ടു.
2016 ഏപ്രിൽ 27നാണ് കെ.എം. ഷാജി കണ്ണൂർ കലക്ടർക്ക് സത്യവാങ്മൂലം സമർപ്പിക്കുന്നത്. അന്ന് 47,80,000 രൂപയാണ് ആസ്തി വകകളായി അദ്ദേഹം വ്യക്തമാക്കിയത്. നിർമാണത്തിലുള്ള ഒരു വീടിനേക്കുറിച്ചും പത്ത് ലക്ഷം രൂപയുടെ ബാങ്ക് വായ്പയെക്കുറിച്ചും അതിൽ പറയുന്നുണ്ട്. രണ്ട് നില വീട് നിർമിക്കാനുള്ള ബിൽഡിങ് പെർമിറ്റ് ഉപയോഗിച്ച് മൂന്ന് നിലകളിലായി 5660 ചതുരശ്ര അടി വീടാണ് കെ. എം. ഷാജി നിർമിച്ചതെന്നും വേങ്ങേരി വില്ലേജ് ഓഫീസർ 2016 നവംബറിൽ ആ വീട് അളന്ന് തിട്ടപ്പെടുത്തിയിരുന്നുവെന്നും രേഖകൾ ഉയർത്തിക്കാട്ടി റഹീം ആരോപിച്ചു. അന്നത്തെ പി.ഡബ്ല്യു.ഡി നിരക്ക് പ്രകാരം ഈ വീടിന് ഏറ്റവും ചുരുങ്ങിയത് നാല് കോടിയിൽപരം രൂപ ചെലവ് വരുമെന്നും വീട്ടിലേക്കുള്ള ഫർണീച്ചറുകൾ കെ.എം. ഷാജി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയാണെന്നും റഹീം ആരോപിച്ചു.
കെ.എം. ഷാജി ഏതെങ്കിലും വസ്തുവകകൾ പണയപ്പെടുത്തിയതായോ വായ്പയെടുത്തതായോ എവിടെയും പറയുന്നില്ല. 2016 ഏപ്രിൽമാസം 47,80000 രൂപയുടെ ആസ്തി വെളിപ്പെടുത്തിയ കെ.എം. ഷാജിക്ക് ആറ് മാസം കൊണ്ട് ഈ ഭീമമായ തുക എങ്ങനെ ലഭിച്ചുവെന്നും ഈ വസ്തുതയിൽ നിന്ന് ഷാജിക്ക് എങ്ങനെ ഒളിച്ചോടാൻ സാധിക്കുമെന്നും റഹീം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.