'പൊന്നുതമ്പുരാന്റെ'വലയിൽ കുടുങ്ങിയത് അപൂർവ്വ മത്സ്യം; കരയിലെത്തിച്ചപ്പോൾ പൊന്നുംവില
text_fieldsകൊല്ലം: വ്യാഴാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് കായംകുളം ഹാർബറിലേക്ക് മടങ്ങുകയായിരുന്നു 'പൊന്നുതമ്പുരാൻ' വള്ളവും അതിലെ മത്സ്യത്തൊഴിലാളികളും. അപ്പോഴാണ്, കടലിൽ 'ചത്തുപൊങ്ങിക്കിടക്കുന്ന' പ്രത്യേകതരം മത്സ്യത്തെ അവർ ശ്രദ്ധിച്ചത്. ഇത്രയും കാലത്തെ മത്സ്യബന്ധന ജീവിതത്തിൽ ഇതുപോലെയൊരു മത്സ്യത്തെ വള്ളത്തിലുണ്ടായിരുന്ന സ്രാങ്കായ ഗിരീഷ് കുമാറും ഗോപനും കണ്ടിട്ടില്ല. അങ്ങനെ ആ മീനിനെ പിടിക്കാൻ ഇരുവരും കടലിലേക്ക് ചാടി.
തൊട്ടടുത്ത് എത്തിയപ്പോഴാണ് ചത്തതുപോലെ കിടന്ന മീൻ ജീവൻ വെച്ചതുപോലെ നീന്താൻ തുടങ്ങിയത്. എന്നാൽ വിടാൻ ഗിരീഷും ഗോപനും തയ്യാറായിരുന്നില്ല. അവർ ഏറെ ശ്രമപ്പെട്ട് ആ മീനിനെ പിടികൂടി വള്ളത്തിലെത്തിച്ചു. തൂക്കി നോക്കിയപ്പോൾ 20 കിലോ ഭാരമുണ്ട്. പക്ഷേ മീൻ ഏതാണെന്ന് അറിയില്ല.
അങ്ങനെയാണ് മത്സ്യത്തൊഴിലാളികൾ അംഗങ്ങളായ 'കേരളത്തിന്‍റെ സൈന്യം' എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് പിടിച്ച മത്സ്യത്തിന്‍റെ ചിത്രം അയച്ചുനൽകിയത്. വൈകാതെ ലഭിച്ച മറുപടി കണ്ട് ഇരുവരും അമ്പരന്നു. ഇത് ഏറെ വിലപിടിപ്പുള്ള പടത്തിക്കോര എന്ന മീൻ ആണത്രെ. ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മത്സ്യത്തിന് കിലോയ്ക്ക് രണ്ടായിരത്തിന് മുകളിൽ വിലയുണ്ട്. എന്നാൽ ഈ മീൻ ലേലത്തിൽ പോകണമെങ്കിൽ കൊല്ലം നീണ്ടകരയിൽ എത്തിക്കണമെന്നും വിവരം ലഭിച്ചു. അങ്ങനെ കായംകുളം തുറമുഖത്തേക്ക് വിട്ട പൊന്നുതമ്പുരാൻ വള്ളം നീണ്ടകരയിലേക്ക് തിരിച്ചുവിട്ടു.
നീണ്ടകരയിൽ എത്തിച്ച് പടത്തിക്കോരയെ ലേലത്തിൽവെച്ചു. 20 കിലോ ഭാരമുള്ള പടത്തിക്കോരയ്ക്ക് ലേലത്തിൽ ലഭിച്ചത് 59000 രൂപയാണ്. പുത്തന്‍തുറ സ്വദേശി കെ.ജോയ് ആണ് പടത്തിക്കോരയെ ലേലത്തില്‍ പിടിച്ചത്. നീണ്ടകരയിൽ പടത്തിക്കോര ലേലത്തിനുണ്ടെന്ന വിവരം സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ലേലത്തിൽ പങ്കെടുക്കാൻ നിരവധിപ്പേർ എത്തിയിരുന്നു. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പൊന്നുതമ്പുരാൻ വള്ളം.
എന്താണ് പടത്തിക്കോര?
വലിയ ചെതുമ്പലോട് കൂടി മത്സ്യമാണിത്. ചാരനിറത്തിലുള്ള പടത്തിക്കോരയുടെ വയറിനോട് ചേർന്ന് പളുങ്ക് എന്ന് മൽസ്യത്തൊഴിലാളികൾ വിളിക്കുന്ന ഭാഗമാണ് പടത്തിക്കോരയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്. ഏറെ ഔഷധമൂല്യമുള്ള ഈ ഭാഗമാണ് വില വർധനയ്ക്ക് പ്രധാന കാരണം. വെളുത്ത സ്പോഞ്ച് പോലെയുള്ള ഈ പളുങ്ക് ഉപയോഗിച്ചാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് തുന്നലിടുന്ന നൂലുകൾ നിർമ്മിക്കുന്നത്. ഔഷധ നിർമ്മാണ ശാലകൾ വൻവില നൽകിയാണ് ഈ മൽസ്യത്തിന്‍റെ പളുങ്ക് ഭാഗം വാങ്ങുന്നത്.
പൂർണ വളർച്ചയെത്തിയ ഒരു പടത്തിക്കോരയിൽ 300 ഗ്രാമോളം പളുങ്ക് ഉണ്ടാകും. വിദേശവിപണിയിൽ പളുങ്ക് ഗ്രാമിന് ലക്ഷങ്ങൾ വില വരും. ഔഷധ ഗുണം മാത്രമല്ല, രുചിയിലും കേമനാണ് പടത്തിക്കോര. ആളനക്കം ഉണ്ടെങ്കിൽ ചത്തതുപോലെ കിടന്ന് സ്വയം രക്ഷപെടാനും കഴിയുന്ന മത്സ്യമാണിത്. കഴിഞ്ഞ വർഷം ജനുവരിയിലും കൊല്ലത്ത് പടത്തിക്കോരയെ ലഭിച്ചിരുന്നു. അന്ന് 25 കിലോയോളം തൂക്കം വരുന്ന മത്സ്യം 47000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.