ആലപ്പുഴ നഗരസഭയിൽ അപൂർവ നേതൃമാറ്റം; കെ.കെ. ജയമ്മ അധ്യക്ഷ പദവിയിലേക്ക്
text_fieldsആലപ്പുഴ: ആലപ്പുഴ നഗരസഭ നേതൃമാറ്റത്തിന് സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ ധാരണ. സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് നഗരസഭ ചെയർപേഴ്സൻ സൗമ്യരാജിനെ മാറ്റാനും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് കെ.കെ. ജയമ്മയെ ആ പദവിയിലേക്ക് നിയോഗിക്കാനും ധാരണയായത്. ഈമാസം 15ന് സൗമ്യരാജ് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് വിവരം.
ജില്ല സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തിെൻറ അംഗീകാരത്തിന് വിടണമെന്ന സാങ്കേതികത്വം മാത്രമാണ് ബാക്കിയുള്ളത്. സാധാരണ ജില്ല നേതൃത്വത്തിെൻറ തീരുമാനം തിരുത്താറില്ല. എന്നാൽ, ഊഴംവെച്ച് ആളെ മാറ്റുന്ന രീതി സി.പി.എമ്മിന് പതിവുള്ളതല്ല.
അതിനാൽ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നാണ് മറുപക്ഷത്തിെൻറ പ്രതീക്ഷ. നഗരസഭയിലെ സി.പി.എം കൗൺസിലർമാർക്ക് മുന്നിൽ പാർട്ടി തീരുമാനം ജില്ല സെക്രട്ടറി ആർ. നാസറാണ് അവതരിപ്പിച്ചത്. ഇരുവർക്കും പദവി രണ്ടരവർഷം വീതം നൽകാമെന്ന് ഒത്തുതീർപ്പ് ധാരണയുണ്ടായതായും അറിയിച്ചു.
സി.പി.എമ്മിലെയും കേരള കോൺഗ്രസിലെയും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറും. ലഹരിക്കടത്ത് കേസിൽ സി.പി.എം പുറത്താക്കിയ എ.ഷാനവാസിനുപകരം എൽ.ജെ.ഡിയിലെ നസീർ പുന്നക്കൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷത വഹിക്കും.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ല കമ്മിറ്റി അംഗം പി.പി. ചിത്തരഞ്ജൻ എന്നിവർ പങ്കെടുത്തു.
ഒരുവിഭാഗത്തിന് കടുത്ത ‘അതൃപ്തി’
ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീതക്ക് പിന്നാലെ ആലപ്പുഴ നഗരസഭയിലെ നേതൃമാറ്റത്തിൽ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തി. രണ്ടരവർഷം ശുചിത്വമേഖലയിലടക്കം മികച്ചരീതിയിൽ പ്രവർത്തനം കാഴ്ചവെക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നഗരസഭ അധ്യക്ഷ സൗമ്യരാജിന്റെ (ഇന്ദു ടീച്ചർ) കാലിടറിയത്.
ചെയർപേഴ്സൻ സ്ഥാനമേൽക്കുമ്പോൾ രേഖാമൂലം പറയാതിരുന്ന ‘ഊഴം പങ്കിടൽ’ ഇപ്പോൾ അടിച്ചേൽപിച്ചെന്നാണ് ഒരുവിഭാഗത്തിന്റെ വിമർശനം. അതേസമയം, ഭരണവീഴ്ചയില്ലാതെ തന്നെ പദവിയിൽനിന്ന് ഒഴിയേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചത് കടുത്ത സി.പി.എം വിഭാഗീയതാണെന്നും ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടെന്നുമാണ് പാർട്ടി വിലയിരുത്തൽ.
2020 തദ്ദേശ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചത്. അന്ന് വനിത സംവരണത്തിന്റെ കരുത്തിൽ അധ്യക്ഷ പദവിയിലെത്തിയ സൗമ്യരാജിനെതിരെ പ്രതിപക്ഷത്തിന് ഇതുവരെ കാര്യമായ വിമർശനം ഉയർത്താനായിട്ടില്ല. കോവിഡുകാലത്തും അല്ലാതെയും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും ചേർത്തുനിർത്തിയും സംസ്ഥാനത്തിന് മാതൃകയാകുന്ന രീതിയിൽ ശുചിത്വമേഖലയിലെ പ്രവർത്തനം നടത്തിയുമാണ് മുന്നേറിയത്. ‘നിർമല ഭവനം നിർമല നഗരം-2.0 അഴകോടെ ആലപ്പുഴ’ എന്ന ശുചിത്വപദ്ധതി ദേശീയ-അന്തർദേശീയ തലത്തിൽ ചർച്ചയായത് ഈ കാലഘട്ടത്തിലാണ്.
ആലപ്പുഴ നഗരസഭയുടെ മികച്ച ശുചിത്വപ്രവർത്തന മാതൃകയെ പ്രശംസിച്ച് ഹൈകോടതിയുടെ പരാമർശവുമുണ്ടായി. ഇതോടെ, പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളുടെ കുടിശ്ശിക തുക നൽകുന്നതിന് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതും നേട്ടമാണ്.കേന്ദ്രനഗരവികസന മന്ത്രാലത്തിന്റെ ദേശീയ ശുചിത്വ പുരസ്കാരവും ആലപ്പുഴക്ക് സ്വന്തമായിരുന്നു. ഇന്ത്യൻ സ്വച്ഛത ലീഗിന്റെ മികച്ച പ്രകടനം നടത്തിയ രാജ്യത്തെ ആദ്യ 10 നഗരസഭകളുടെ പട്ടികയിലാണ് ആലപ്പുഴ ഇടം നേടിയത്.
യുനൈറ്റഡ് നേഷൻ എൻവയൺമെന്റ് ഖരമാലിന്യ സംസ്കരണത്തിൽ അന്തർദേശീയ തലത്തിൽ ലോകത്തെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായും ആലപ്പുഴയെ തെരഞ്ഞെടുത്തു. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ ക്ഷണം കിട്ടിയ കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ചാമത്തെയും നഗരസഭയാണ് ആലപ്പുഴയായിരുന്നു. ഈ നേട്ടങ്ങൾക്ക് ചുക്കാൻപിടിച്ചത് സൗമ്യ രാജായിരുന്നു.
ഇരുവുകാട് വാർഡിൽ 74 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സൗമ്യ രാജ് വിജയിച്ചത്. എസ്.എൻ.ഡി.പി വനിത സംഘം അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ്, ഇരവുകാട് ടേബിൾ ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ, സ്നേഹദീപം വയോജന ട്രസ്റ്റ് രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പുതിയ നിയോഗത്തിന് പാർട്ടി തെരഞ്ഞെടുത്ത കെ.കെ. ജയമ്മ സി.പി.എം മുതിർന്ന നേതാവാണ്. നെഹ്റുട്രോഫി വാർഡിൽനിന്ന് തുടർച്ചയായ വിജയം നേടിയാണ് നഗരസഭയിലെത്തിയത്.ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, മുൻ നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ, സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.