വിശുദ്ധിയുടെ അപൂർവ വേള
text_fieldsവിശ്വാസത്തിെൻറ കരുത്തിനെ ഭഞ്ജിക്കാനോ വകഞ്ഞുമാറ്റാനോ മറ്റൊരു ഭൗതിക ശക്തിക്കും സാധ്യമല്ല. ഫറോവയുടെ ശിങ്കിടികളായിരുന്ന ആഭിചാരക സാമ്രാട്ടുകള്‍ സത്യവിശ്വാസം സ്വീകരിച്ചപ്പോഴും (വി.ഖു. 20:70-73) സായുധരായ ശത്രുവിെൻറ മൂന്നിലൊന്ന് വരുന്ന നിരായുധസംഘം ബദ്റില്‍ വിജയവൈജയന്തി പറത്തിയപ്പോഴും ലോകത്തിനു ദര്‍ശിക്കാനായത് ഈ നഗ്ന യാഥാർഥ്യമാണ്. വിശ്വാസീ ഹൃദയങ്ങളില്‍ ദൈവഭക്തിയും ആത്മീയചിന്തയും നിറക്കേണ്ട മാസമാണ് വിശുദ്ധ റമദാന്. വ്രതം നിര്ബന്ധമാക്കിയതിെൻറ ആത്യന്തിക ലക്ഷ്യവും അതുതന്നെ. ഖുര്‍ആന്‍ പറയുന്നു: ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടിയാണത് (വി.ഖു. 1:183).
മുസ്ലിമിനെ ഒരു ഉല്‍കൃഷ്ട വ്യക്തിയായി സജ്ജനാക്കുന്നതിന് സഹായകമായ സുപ്രധാന ആരാധനാകര്‍മമാണ് വ്രതാനുഷ്ഠാനം. അതുകൊണ്ടാണ് പൂര്‍വിക സമൂഹങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയത്. വിശ്വാസിക്ക് സൂക്ഷ്മ ജീവിതം സാധ്യമാവണമെങ്കില്‍ സ്വമനസ്സിനെയും ശരീരത്തെയും സ്ഫുടം ചെയ്തെടുക്കണം. ആത്മീയതയുടെ ലോകത്തേക്ക് വഴിനടത്താനും ഹൃദയത്തില്‍ കരിപിടിച്ചുകിടക്കുന്ന ദോഷങ്ങളെ കഴുകി വൃത്തിയാക്കി തെളിമയാര്‍ന്ന ജീവിതം നയിക്കാനും റമദാന് വിശ്വാസികളെ സഹായിക്കുന്നു.
വ്രതാനുഷ്ഠാനത്തിലൂടെ ദൈവഭക്തിയും ജീവിതവിശുദ്ധിയും കരഗതമാവണമെങ്കില്‍ വിശ്വാസി കളങ്കിത ജീവിതസാഹചര്യങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം, പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും മിതത്വം പുലര്‍ത്തുകയും സ്രഷ്ടാവ് വിലക്കിയ കാര്യങ്ങളോട് പുറംതിരിഞ്ഞു നടക്കുകയും വേണം. അസഭ്യ വാക്കുകളും അനാവശ്യ സംസാരങ്ങളും ഒഴിവാക്കി നാവിെൻറ പരിശുദ്ധി കാത്തുസൂക്ഷിക്കണം. തിന്മയെ തിന്മകൊണ്ട് നേരിടുന്നതിനുപകരം നന്മകൊണ്ട് പ്രതിരോധിക്കണം. വിശ്വാസികളെ തെറ്റുകുറ്റങ്ങളില്‍നിന്ന് ദൂരീകരിച്ചു നിര്‍ത്തുന്ന കവചമാണ് വ്രതമെന്നാണ് തിരുവചനം: ‘നോമ്പ് കവചമാണ്. അതുകൊണ്ട് തന്നെ ആരോടും അസഭ്യവാക്കുകള്‍ പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്. ശണ്ഠ കൂടാന്‍ വരുന്നവരോട് ഞാന്‍ നോമ്പുകാരനാണെന്ന് രണ്ടുവട്ടം പറയട്ടെ’ (ബുഖാരി, മുസ്ലിം).
അന്നപാനീയങ്ങളും ഭൗതിക സുഖഭോഗ വസ്തുക്കളും കൈയെത്താദൂരത്തുണ്ടായിട്ടും സ്രഷ്ടാവിെൻറ കല്പനയെന്നതുകൊണ്ട് മാത്രം എല്ലാം ഉപേക്ഷിച്ച്, പകല്‍ പട്ടിണി കിടക്കുകയും രാത്രികാലങ്ങളില്‍ ആരാധനകളില്‍ മുഴുകുകയും ചെയ്യുന്ന വിശ്വാസി, നോമ്പിലൂടെ ആർജിച്ചെടുക്കുന്നത് ദൈവഭക്തിയും ആത്മീയവിശുദ്ധിയുമല്ലാതെ മറ്റൊന്നുമല്ല. ആരാധനകളില്‍ കൃത്യനിഷ്ഠയും വാക്കുകളിള്‍ സൗമ്യതയും പുലര്‍ത്താന്‍ വിശ്വാസി നോമ്പുകാലം ഉപയോഗപ്പെടുത്തണം. പോയകാലത്തെ പാപപങ്കിലമായ ലോകത്തുനിന്ന് സല്‍കര്‍മങ്ങളുടെ വിശുദ്ധലോകത്തേക്ക് പലായനത്തിനുള്ള സുവർണാവസരമായി നോമ്പുകാലത്തെ കാണുകയും വേണം.
റമദാന് എന്ന അതീവ വിശുദ്ധവും അമൂല്യവുമായ അപൂര്‍വവേള ആസ്വാദ്യകരമായ വിവിധതരം ഭക്ഷ്യ-പാനീയങ്ങള്‍ പരീക്ഷിക്കാനുള്ള വേദികള്മാത്രമായി ചുരുങ്ങുന്ന വര്‍ത്തമാനകാലത്ത്, ശരീരേച്ഛകളോട് പടപൊരുതാനുള്ള മാനസിക സന്നദ്ധത നേടിത്തരുന്ന ഫലപ്രദമായ വ്രതം പകരുന്ന ദൈവഭക്തിയും ആത്മീയ വിശുദ്ധിയും അനുഭവിച്ചറിയാനും തുടര്ജീവിതത്തിലേക്കുള്ള പാഥേയമായി സംഭരിക്കാനും നാഥന് അനുഗ്രഹിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.