കിണറിലെ വെള്ളം കോരുന്നതിനിടെ ലഭിച്ചത് അപൂർവ ഭൂഗർഭ മത്സ്യം; പഠനവിധേയമാക്കുമെന്ന് ഗവേഷകർ
text_fieldsചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ രണ്ടാമതും ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണൻ്റെ വീട്ടിലെ കിണറ്റിൽനിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഇതിനെ കൊച്ചിയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഗവേഷകരെത്തി കൊണ്ടുപോയി.
ഗോപാലകൃഷ്ണൻ്റെ ഭാര്യ രാഗിണി വെള്ളം കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുമ്പോഴാണ് മത്സ്യത്തെ കണ്ടത്. സാധാരണ മത്സ്യമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മകൾ ഗോപികയെയും അയൽവാസി ഐശ്വര്യയെയും വിളിച്ചു വരുത്തിയപ്പോഴാണ് മത്സ്യത്തെ തിരിച്ചറിഞ്ഞത്. ഒന്നരവർഷംമുൻപ്, നെല്ലിത്തറയിലെ തന്‍റെ വീട്ടിലെ കിണറ്റിൽ നിന്നും ലഭിച്ച ഭൂഗർഭ മത്സ്യത്തെ കണ്ട പരിചയമാണ് ഇതും ആ ഗണത്തിൽ പെട്ടതാണെന്ന് സ്ഥിരീകരിക്കാൻ ഐശ്വര്യക്ക് സഹായകമായത്.
ഇതോടെ പ്രത്യേകം പാത്രത്തിലേക്ക് മാറ്റിയ ശേഷം ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചു. മത്സ്യത്തിന് 12 സെൻ്റീമീറ്ററോളം നീളം വരും. ഇതിനു മുൻപും കിണറ്റിൽ ഇത്തരത്തിലുള്ള ഇനംമത്സ്യത്തെ കണ്ടിരുന്നതായി രാഗിണി പറഞ്ഞു. കൊച്ചിയിൽ നിന്നും ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഗവേഷകരായ രമ്യ, ആതിര എന്നിവരെത്തിയാണ് മത്സ്യത്തെ കൊണ്ടുപോയത്. റിസർച്ചിൻ്റെ ഭാഗമായി കിണറ്റിലെ വെള്ളവും മണ്ണും പരിശോധിക്കുമെന്നും പഠനവിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.