കേരളതീരത്ത് അപൂർവയിനം വെൺകവിൾ ആളയെ കണ്ടെത്തി
text_fieldsതൃശൂർ: കേരള കടൽതീരത്ത് അപൂർവ ഇനം 'വെൺകവിൾ ആള'യെ കണ്ടെത്തി. ചാവക്കാട് കടൽ തീരത്തെ മുനക്കടവ് ഭാഗത്തുനിന്ന് 10 നോട്ടിക്കൽ അകലെയാണ് പക്ഷിയെ കണ്ടെത്തിയത്.
സാമൂഹ്യ വനവത്കരണ വിഭാഗവും (തൃശൂർ) ബേർഡേർസ് സാൻസ് ബോർഡേർസ് എന്ന 20 അംഗ പക്ഷി നിരീക്ഷണ സംഘവുമാണ് കടൽപക്ഷികളുടെ പെലാജിക് സർവേ നടത്തിയത്. വിവിധയിനം കടൽ കാക്കകളും ആളകളുമാണ് കടലിൽ കണ്ടുവരുന്നത്. സംഘം പക്ഷികളുടെ ചിത്രമെടുത്ത് മടങ്ങിയ ശേഷം ഒരു ആളയുടെ കാലിൽ പ്രത്യേക വളയം ഇട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മിക്ക ചിത്രങ്ങളിലും ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത വെൺ കവിൾ ആളയാണെന്ന് മനസിലായി. കാലിൽ ഘടിപ്പിച്ചിരിക്കുന്ന വളയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെങ്കിൽ, കേരളത്തിൽ ആദ്യമായാണ് ഈ പക്ഷിയെ കണ്ടെത്തുന്നതെന്ന് പക്ഷിനിരീക്ഷണ സംഘം അഭിപ്രായപ്പെട്ടു. പക്ഷിയുടെ കാലിലെ വളയത്തെക്കുറിച്ച് അറിയുന്നതിനായി ബി.എൻ.എച്ച്.എസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തൃശൂർ സാമൂഹ്യ വനവത്കരണ വിഭാഗം എ.സി.എഫ് പി.എം. പ്രഭു അറിയിച്ചു.
സാധാരണ കാണപ്പെടുന്ന ആളകളിൽനിന്ന് വ്യത്യസ്തമായി വെൺകവിൾ ആളക്ക് കവിളിൽ തൂവെള്ള നിറവും വാലിന്‍റെ മുകളിൽ ഇളം കറുപ്പ് നിറവുമായിരിക്കും. കെനിയ, എേത്യാപ്യ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ കടലോരങ്ങളാണ് ഇവയുടെ പ്രധാന പ്രജനന സ്ഥലം. കേരളത്തിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വെൺ കവിൾ ആളയെ കണ്ടെത്തിയിരുന്നു.
സർവേയിൽ 23ഇനം കടൽ പക്ഷികളെ കണ്ടെത്താനായതായി നിരീക്ഷണ സംഘം അറിയിച്ചു. 200ഓളം പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി. അപൂർവ ഇനങ്ങളായ പെട്രീൽസ്, ഷിയർ വാട്ടർ, ട്രോപിക് ബേർഡ് എന്നിവയെയും കണ്ടതായി അവർ അറിയിച്ചു. സാധാരണ നവംബർ - ഡിസംബർ മാസത്തിൽ നടത്തേണ്ട കടൽ പക്ഷി സർവ്വേ കോവിഡ് പശ്ചത്തലത്തിൽ ഫെബ്രുവരിയിൽ നടത്തുകയായിരുന്നു. റാഫി കല്ലേറ്റുംകര കടൽപക്ഷി സർവ്വേക്ക് നേതൃത്വം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ അനിൽകുമാർ, ജോസഫ്, സുനിൽ കുമാർ എന്നിവർ പക്ഷി സർവേയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.