'രാസാത്തി ഉന്നെ കാണാതെ നെഞ്ച്...'; ആ പാട്ട് കേൾക്കാൻ കാടിറങ്ങി വന്ന ആനക്കൂട്ടത്തിന്റെ കഥ..!
text_fieldsദക്ഷിണേഷ്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ 'രാസാത്തി ഉന്നെ' എന്ന ഒരറ്റ ഗാനംമതി പി.ജയചന്ദ്രൻ എന്ന ഭാവഗായകന്റെ റേഞ്ച് അളക്കാൻ.
1984 ൽ വിജയകാന്ത്-രേവതി എന്നിവർ മുഖ്യകഥാപാത്രമായി പുറത്തിറങ്ങി ‘വൈദേഹി കാത്തിരുന്താൾ’ ചിത്രത്തിൽ സാക്ഷാൽ ഇളയരാജയുടെ സംഗീതമിട്ട ഗാനമാണ് 'രാസാത്തി ഉന്നെ'. തമിഴന്റെ രക്തത്തിൽ അലിഞ്ഞ ചേർന്ന ഈ ഗാനം പാടാൻ ഭാഗ്യം ലഭിച്ചത് പി.ജയചന്ദ്രനായിരുന്നു.
നാടുമുഴുവൻ ഒരേസ്വരത്തിൽ പാടിയ ഈ പാട്ടിനെ കുറിച്ച് മാത്രമാണ് ഇളയരാജ പലവേദികളിലും വാചാലനായത്. സംഗീതത്തിന് മനുഷ്യനെ മാത്രമല്ല, സർവ ജീവജാലങ്ങളെയും ആകർഷിക്കാൻ കഴിവുണ്ടെന്ന് ഉദാഹരിക്കാൻ അദ്ദേഹം പറയാറുള്ള കഥ ഇതാണ്.
"‘വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രം റിലീസ് ആയ കാലം. തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് കാടിനോട് ചേർന്ന ഒരു പ്രദേശത്തെ തിയേറ്ററിൽ പടം കളിക്കുന്നു. 'രാസാത്തി ഒന്നെ' എന്ന ഗാനം തിയേറ്ററിൽ നിന്ന് പുറത്തേക്ക് കേട്ടപ്പോൾ ഒരു കൂട്ടം ആനകൾ അപ്രതീക്ഷിതമായി ഗ്രാമത്തിലേക്കിറങ്ങി വന്നു. ആദ്യം അൽപം പരിഭ്രമത്തോടെ ഗ്രാമവാസികൾ ഈ കാഴ്ച കണ്ടെങ്കിലും ആനകൂട്ടം നടന്നടുത്ത് തിയേറ്ററിനടുത്തേക്ക്. തുമ്പിക്കൈ ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് ഒരു ധ്യാനത്തിലെന്ന പോലെ ആനക്കൂട്ടം നിന്നു. നെഞ്ചിടിപ്പോടെ ജനങ്ങളും. പാട്ടു തീർന്നപ്പോൾ ആനക്കൂട്ടം ചെവിയാട്ടി കാട്ടിലേക്ക് പോയി. ആ സിനിമ തിയേറ്ററിൽ നിന്ന് മാറുന്നത് വരെ ആന ഈ സംഭവം തുടർന്നു" അത്രമേൽ സർവ ജീവജാലങ്ങളേയും സ്വാധീനിച്ച ഗാനമായിരുന്നു 'രാസാത്തി ഒന്നേ' എന്നു പറഞ്ഞുവെക്കുകയാണ്.
‘ഇളയരാജയുടെ സംഗീതത്തിൽ ഞാൻ പാടിയ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് ‘രാസാത്തി ഉന്നെ...’ എന്നായിരുന്നു ‘ഏകാന്ത പഥികൻ ഞാൻ’ എന്ന ആത്മകഥയിൽ പി.ജയചന്ദ്രൻ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.