അവകാശപോരാട്ടം ജീവിത തപസ്യയാക്കി റഷീദ്
text_fieldsതിരൂരങ്ങാടിയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റി ഓഫിസിൽ ടി.ടി. റഷീദ്
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടിയിലെ തൊട്ടിത്തൊടിക റഷീദിന് ഉപഭോക്തൃ സംരക്ഷണവും അവകാശ സംരക്ഷണവുമെല്ലാം ജീവവായുവിനെക്കാൾ പ്രധാനമാണ്. 2002ൽ തിരൂരങ്ങാടിയിലെ പൗരപ്രമുഖനായ കവറോടി മുഹമ്മദ് മാസ്റ്ററും പൊതുരംഗത്ത് സ്ഥിരസാന്നിധ്യമായവരും ചേർന്ന് തുടക്കമിട്ടതാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റി എന്ന സംവിധാനം. ഉപഭോക്താവിന് വിപണിയിൽനിന്ന് നേരിടുന്ന ചൂഷണം തടയാൻ സംവിധാനം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ട തിരൂരങ്ങാടിയിലെ പൊതുപ്രവർത്തകരായ കവറൊടി മുഹമ്മദ് മാസ്റ്റർ, കെ.പി മുഹമ്മദ്, അനീസ് മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, പ്രഫ. ഗനി, ടി.ടി. റഷീദ്, സൈതലവി കാട്ടേരി തുടങ്ങിയവർ ചേർന്നാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് പിറവി കുറിച്ചത്.
തുടർന്ന് തിരൂരങ്ങാടി താലൂക്ക് ഉൾപ്പെടെ ഇടങ്ങളിലേക്ക് വളർന്നു. ഇതിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ടി.ടി. റഷീദായിരുന്നു. 2003ൽ തിരൂരങ്ങാടി നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ബസാർ പോസ്റ്റ് ഓഫിസ് അവിടെനിന്ന് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ എം.പിയായിരുന്ന ബനാത്ത്വാലയെ കണ്ട് തടഞ്ഞതുമുതലാണ് കമ്മിറ്റി പ്രവർത്തനരംഗത്ത് ശ്രദ്ധേയമാകുന്നത്. പിന്നീടങ്ങോട്ട് നിരവധി പേരുടെ പ്രശ്നങ്ങളാണ് കമ്മിറ്റി ഏറ്റെടുത്ത് വിജയം വരിച്ചത്.
2008ൽ റഷീദ് ഉൾപ്പെടെ 20 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി താലൂക്കിലെ പരിസരങ്ങളായ പരപ്പനങ്ങാടി, വള്ളിക്കുന്ന്, നന്നമ്പ്ര, ഊരകം, വേങ്ങര, ചേലേമ്പ്ര ഉൾപ്പെടെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് യൂനിറ്റുകൾ രൂപവത്കരിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. വിമാനത്താവളത്തിലെ ബാഗേജ് നഷ്ടപ്പെടൽ, കുടുംബസ്വത്ത് തർക്കം, ഉപഭോക്താവ് വാങ്ങിയ സാധനങ്ങളുടെ പ്രവർത്തനക്ഷമതയിലെ കുറവ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ റഷീദും കൺസ്യൂമർ പ്രൊട്ടക്ഷനും കമ്മിറ്റിയും പൂർണ സജ്ജമാണ്. നിലവിൽ ജില്ല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, ഫുഡ് അഡ്വൈസറി കമ്മിറ്റി അംഗം, എൽ.പി.ജി കൗൺസിൽ അംഗം എന്നിങ്ങനെ വിവിധ അവകാശ സംരക്ഷണ വേദികളിൽ നിറസാന്നിധ്യമാണ് റഷീദ്.
വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്ന റഷീദിന്റെ നിശ്ചയദാർഢ്യവും ഡോ. അബ്ദുൽ റസാഖ് സുല്ലമി, എം.കെ അബൂ ഹാജി, എ.പി മുഹിയുദ്ദീൻ, സി.വി. സലീം തുടങ്ങിയ സഹപ്രവർത്തകരുടെ പൂർണപിന്തുണയും ഉള്ളതിൽ ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്ത് ഏതറ്റംവരെ പോകാനും തയാറാണ്.ഭാര്യ ആമിനയും അഞ്ചു മക്കളും ഉൾപ്പെടുന്ന കുടുംബവും റഷീദിനെ പൂർണമായി പിന്തുണക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.