ആർ.എം.എസ്.എ സ്കൂളുകൾ നാഥനില്ലാ കളരി; ഹെഡ്മാസ്റ്റർ തസ്തികയില്ലാതെ നാലാംവർഷം
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ) പ്രകാരം ഹൈസ്കൂളുകളായി ഉയർത്തിയ 29 സർക്കാർ വിദ്യാലയങ്ങൾ നാഥനില്ലാ കളരിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സർക്കാർ മുന്നോട്ടുപോകുേമ്പാഴാണ് തസ്തിക സൃഷ്ടിക്കാത്തതിനാൽ ഇൗ സ്കൂളുകൾ ഭരണപ്രതിസന്ധി നേരിടുന്നത്. പ്രൈമറി സ്കൂൾ പ്രധാന അധ്യാപകർക്കാണ് ഇപ്പോഴും ഇൗ സ്കൂളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ ചുമതല. ഇൗ സ്കൂളുകളിൽനിന്ന് രണ്ട് എസ്.എസ്.എൽ.സി ബാച്ചുകൾ പുറത്തുവന്നു. ഇൗ സ്കൂളുകളിലെ വിദ്യാർഥികളുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിൽപോലും പ്രൈമറി ഹെഡ്മാസ്റ്റർമാരാണ് ചട്ടവിരുദ്ധമായി ഒപ്പുവെക്കുന്നത്.
2013ൽ ആണ് സംസ്ഥാനത്തെ 30 സ്കൂളുകൾ ആർ.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂളുകളായി അപ്ഗ്രേഡ് ചെയ്തത്. ഇടുക്കിയിൽ ആറും പാലക്കാട് മൂന്നും മലപ്പുറത്ത് 12ഉം വയനാട്ടിൽ ആറും കാസർകോട് മൂന്നും സ്കൂളുകളെയാണ് അപ്ഗ്രേഡ് ചെയ്തത്. ഇതിൽ വയനാട്ടിലെ സ്കൂളിൽ മാത്രം ഹൈസ്കൂൾ വിഭാഗം തുടങ്ങിയില്ല. ആരംഭത്തിൽ കേന്ദ്രസർക്കാർ സഹായം ലഭിക്കുന്ന പദ്ധതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ആദ്യവർഷം എട്ടാം ക്ലാസും പിന്നീട് ഒമ്പത്, പത്ത് ക്ലാസുകളും തുടങ്ങി. മതിയായ അധ്യാപകരില്ലാത്തതായിരുന്നു ഇൗ സ്കൂളുകൾ ആദ്യം നേരിട്ട പ്രതിസന്ധി. മൂന്നു വീതം അധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഇതിന് താൽക്കാലിക പരിഹാരമുണ്ടാക്കി. പുതിയ ക്ലാസുകൾകൂടി വന്നതോടെ പ്രശ്നം വീണ്ടും ഉയർന്നു. ഒടുവിൽ അധ്യാപക ബാങ്കിൽനിന്ന് അധ്യാപകരെ നിയമിച്ചു. എന്നിട്ടും പരിഹാരമാകാത്തിടങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ അനുമതി നൽകി. യു.പി സ്കൂളുകൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുേമ്പാൾ അവിടെയുള്ള പ്രൈമറി ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാക്കി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിക്കാനായിരുന്നു നേരത്തേ ഉത്തരവിറങ്ങിയത്. എന്നാൽ, ഇൗ നിർദേശം മാത്രം നടപ്പായില്ല. ഇപ്പോഴും പ്രൈമറി ഹെഡ്മാസ്റ്റർ തസ്തിക നിലനിൽക്കുന്നു. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരെ സ്ഥലം മാറ്റുകയും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിക്കുകയും വേണം. ഇതിന് സർക്കാർ പ്രത്യേകം ഉത്തരവിറക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.