ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു
text_fieldsശബരിമല: സന്നിധാനം പൊലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്ന പൊലീസുകാർക്കാണ് കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഏഴു പേരും ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു.
അതിനിടെ, സന്നിധാനത്തെ തീർത്ഥാടക തിരക്ക് ഒഴിവാക്കാനായി പതിനെട്ടാം പടിയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസുകാരുടെ ജോലിയിൽ വരുത്തിയ മാറ്റം ഫലം കണ്ടുതുടങ്ങി. ഭക്തരെ പതിനെട്ടാംപടി കയറ്റുന്നതിൽ പൊലീസുകാരുടെ ആയാസം ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ മാറ്റങ്ങളാണ് ഫലം കണ്ടു തുടങ്ങിയത്. 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്.
ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. മുൻവർഷങ്ങളിൽ ഇത് 20 മിനിറ്റ് ആയിരുന്നു. കൂടാതെ പടി ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ ആയാസം ഒഴിവാക്കുന്നതിനായി പടിയിൽ ലാഡർ സംവിധാനവും ഏർപ്പെടുത്തി. മുൻപ് ഒരു കൈ വടത്തിൽ പിടിച്ച് മറുകൈ കൊണ്ടായിരുന്നു പൊലീസുകാർ അയ്യപ്പൻമാരെ സഹായിച്ചിരുന്നത്. ലാഡർ സംവിധാനം ഏർപ്പെടുത്തിയതോടെ ഇരു കൈകൾ കൊണ്ടും പടികയറാൻ ഭക്തരെ സഹായിക്കാൻ കഴിയുന്നുണ്ട്.
ഭക്തരെ പതിനെട്ടാം പടി കയറ്റുന്നതിൽ അനുഭവപ്പെട്ടിരുന്ന താമസമാണ് മുൻവർഷങ്ങളിൽ സന്നിധാനത്തടക്കം തീർഥാടക തിരക്ക് വർധിക്കുവാനും പമ്പാ - സന്നിധാനം ശരണ പാതയിൽ മണിക്കൂറുകൾ നീണ്ട ക്യൂവിനും ഇട നൽകിയിരുന്നത്. എന്നാൽ, പടി ഡ്യൂട്ടിയിൽ മണ്ഡലകാല ആരംഭം മുതൽ നടപ്പിലാക്കിയ മാറ്റത്തിലൂടെ പടി കയറ്റം വേഗത്തിലാക്കുവാനും തീർത്ഥാടക തിരക്ക് ഒഴിവാക്കുവാനും സാധിച്ചിട്ടുണ്ട്.
സോപാനത്തിനു മുൻപിലെത്തി തൊഴുത ശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ എതിർ ദിശയിൽ നിന്നും എത്തിയുള്ള ദർശനത്തിനും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്ക്ക് സമാന്തരമായി മാത്രമാവും ഇനി മുതൽ വി.ഐ.പികൾക്കും ദർശന സൗകര്യം ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.