എലിപ്പനി വില്ലനാകുന്നു; കരുതൽ വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി അടക്കം പടർച്ചവ്യാധികൾ കുതിക്കുന്നു. ഈ വർഷം ഇതുവരെ 184 പേരാണ് എലിപ്പനിമൂലം മരിച്ചത്. ശനിയാഴ്ച കൊല്ലം ജില്ലയിലും മരണം സ്ഥിരീകരിച്ചു. 2996 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വിവിധ പകർച്ചവ്യാധികൾമൂലം മരിച്ചവരുടെ എണ്ണം 438 ആണ്. ഡെങ്കിയും കോളറയും ഷിഗല്ലയും ചിക്കൻ പോക്സുമടക്കം മരണകാരണമാകുന്നുണ്ട്.
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ പതിവായതോടെ എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. സാധാരണ പ്രളയകാലത്താണ് എലിപ്പനി കേസുകൾ കൂടാൻ സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ പ്രളയകാലത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ കേസുകളും മരണങ്ങളും. 2018ല്‍ കേരളത്തിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079. ഇതിൽ മരിച്ചവരുടെ എണ്ണം 99ഉം. 2019ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകൾ 1211ഉം മരണം 57ഉം ആയിരുന്നു. കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ വ്യാപനത്തിന്റെ തീവ്രത വ്യക്തമാവുക.
കേസുകൾ ഉയരുമ്പോഴും ഉന്നതതലയോഗം ചേർന്ന് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണമെന്ന പൊതുനിർദേശമല്ലാതെ ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾക്ക് ആരോഗ്യവകുപ്പും തയാറായില്ല. മഴക്കാലം മൂലമുള്ള സ്വാഭാവിക രോഗപ്പകർച്ചയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എലിപ്പനി ജന്തുജന്യരോഗം എന്നതിനപ്പുറം തൊഴില്‍ജന്യരോഗം കൂടിയാണെന്ന പരിഗണനയോടെയുള്ള ഇടപെടൽ വേണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പാടത്തും പറമ്പിലും വെള്ളക്കെട്ടുകൾക്ക് സമീപവും കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, കശാപ്പുകാര്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിൽ രോഗബാധക്ക് സാധ്യതയേറെയാനെന്നതാണ് കാരണം. ഒരു ലിറ്റര്‍ എലി മൂത്രത്തില്‍ 100 മില്യൻ എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുമെന്നാണ് കണക്ക്. രോഗാണുവിന്റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.