എലിപ്പനി പടരുന്നു: മൂന്നു മരണം കൂടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം ഉയരുന്നു. രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മൂന്നുപേർകൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രണ്ടുപേരും തിങ്കളാഴ്ച ഒരാളുമാണ് മരിച്ചത്.
മലപ്പുറം എടവനയിൽ ഷിബിൻ (27), കൊല്ലം പരവൂര്‍ നെടുങ്ങോലം കൂനയില്‍ രാജിഭവനില്‍ സുജാത (55) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. മലപ്പുറം നെടുവയിൽ ഹയറുന്നിസയാണ് (45) തിങ്കളാഴ്ച മരിച്ചത്. ഇതോടെ ആഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി.
വിവിധ ജില്ലകളിൽ 115 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം -12, കൊല്ലം- എട്ട്, പത്തനംതിട്ട-19, ഇടുക്കി-രണ്ട്, കോട്ടയം-രണ്ട്, ആലപ്പുഴ-14, തൃശൂർ -ഒന്ന്, പാലക്കാട്-12, മലപ്പുറം-29, കോഴിക്കോട്-14, വയനാട് -ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ ചികിത്സതേടി. മൂന്നു പേർക്ക് മലേറിയ സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ടുപേരെയും മലപ്പുറത്ത് ഒരാളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വരെ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഈ മാസം ഒന്നിന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡെങ്കിപ്പനിയും ജപ്പാൻജ്വരവും മൂലം രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി അയിഷ നാഹയാണ് (14) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മലപ്പുറത്ത് ഷഹൽ ആണ് (10) ജപ്പാൻജ്വരം മൂലം മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.