സേവനങ്ങൾക്ക് നിരക്ക് കൂട്ടാൻ ശിപാർശ; കുടിവെള്ള മേഖലയിൽ ചെലവേറും
text_fieldsതിരുവനന്തപുരം: ജല വിതരണ മേഖലയിലെ വിവിധ ഫീസുകൾ വർധിപ്പിക്കാൻ ശിപാർശ നൽകാനൊരുങ്ങി ജല അതോറിറ്റി. പുതിയ നിരക്കുകൾ സർക്കാർ അനുമതിക്കായി സമർപ്പിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. വെള്ളക്കരത്തിൽ വലിയ വർധന വരുത്തിയത് കഴിഞ്ഞ വർഷമാണ്. ഇതിനു പിന്നാലെയാണ് വിതരണമേഖലയിലെ വിവിധ സേവനങ്ങൾക്ക് നിരക്ക് വർധിപ്പിക്കുന്നത്. സിവറേജ് കണക്ഷനുകളുമായി ബന്ധപ്പെട്ട വിവിധ നിരക്കുകളുടെ വർധനയും ആവശ്യപ്പെടും. കണക്ഷൻ, ഡിസ്കണക്ഷൻ, റീ-കണക്ഷൻ തുടങ്ങി സർവിസ് സംബന്ധമായ പല ഫീസും 30 വർഷം മുമ്പ് നിശ്ചയിച്ചതാണെന്നും കാലാനുസൃത മാറ്റം അനിവാര്യമാണെന്നുമാണ് ജല അതോറിറ്റി നിലപാട്. കുടിവെളള കണക്ഷൻ ഗാർഹികത്തിൽനിന്ന് ഗാർഹികേതരത്തിലേക്കും തിരിച്ചും മാറ്റാനുള്ള നിരക്ക് അഞ്ചിൽനിന്ന് 250 രൂപയാക്കണം. മീറ്റർ മാറ്റിവെക്കൽ ചാർജ് 10 ൽനിന്ന് 250 രൂപയാക്കണം.
മീറ്റർ മാറ്റുന്നതിന് മീറ്റർ റീഡറുടെ റിപ്പോർട്ട് നിർബന്ധമാക്കണം. നിലവിൽ മീറ്റർ ടെസ്റ്റിങ് ചാർജ് മാത്രമേ ഈടാക്കുന്നുള്ളൂ. മീറ്റർ ടെസ്റ്റിങ് ചാർജ് 10 രൂപയിൽനിന്ന് 100 രൂപയാക്കണമെന്നാണ് മറ്റൊരു നിർദേശം. മീറ്റർ മാറ്റിവെക്കാൻ ഫീൽഡ് സ്റ്റാഫിന്റെ സന്നിധ്യവും ആവശ്യമാണ്. മീറ്റർ പോയന്റ് മാറ്റുന്നതിനുള്ള നിരക്ക് 115 രൂപയിൽനിന്ന് 500 രൂപയാക്കണം. ഇതിന് മീറ്റർ ഇൻസ്പെക്ടർ സ്ഥലപരിശോധന നടത്തി അസി. എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിക്കണം.
ജല അതോറിറ്റി വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനുള്ള ചാർജ് 115 ൽ നിന്ന് 1000 രൂപയാക്കണം. പുതിയ കണക്ഷൻ നൽകുന്നതിന്റെ നടപടി ക്രമങ്ങൾ ഇതിലും പാലിക്കണം. ഉപഭോക്താവിന്റെ അഭ്യർഥനപ്രകാരം വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള ചാർജ് 65 രൂപയിൽനിന്നും 500 ആയി ഉയർത്തണം. കുടിശ്ശിക അടയ്ക്കാതിരിക്കുകയോ കേടായ മീറ്റർ മാറ്റാതിരിക്കുകയോ ചെയ്താൽ ഡിസ്കണക്ഷൻ ഫീസ് 65 രൂപയിൽനിന്ന് 1000 രൂപയാക്കണം. കണക്ഷനിലെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ഫീസ് 115ൽനിന്ന് 250 ആയി ഉയർത്തണം. താൽക്കാലിക കണക്ഷന്റെ വാർഷിക പുതുക്കൽ ഫീസ് 250ൽ നിന്ന് 500 ആക്കുക, സ്മാർട്ട് മീറ്റർ പ്രതിമാസ വാടക പത്തിൽനിന്ന് 250 രൂപയാക്കുക, പ്ലംബിങ് ലൈസൻസ് പുതുക്കൽ ഫീസ് 1500ൽനിന്ന് 2000 രൂപയാക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.