വരുന്നത് നിരക്ക് വർധനകളുടെ കാലം; നടുവൊടിയും
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ നടുവൊടിക്കാന്‍ ഒന്നിനുപിറകെ ഒന്നായി നിരക്കുവര്‍ധനകൾ. ബസ് നിരക്ക്, വൈദ്യുതി, ഓട്ടോ- ടാക്സി, വെള്ളക്കരം എന്നിവയെല്ലാം ഉയരും. കോവിഡ് കാലത്ത് നടുനിവർത്താൻ പാടുപെടുന്ന ജനത്തിന് മേലാണ് നിരക്ക് വർധന വരാനിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില വർധനക്കും സാധ്യതയുണ്ട്. കേരളത്തിൽ ബസ് നിരക്ക് വര്‍ധന അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. മിനിമം ചാർജ് 10 രൂപയാക്കി ഉയര്‍ത്തുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്കിലും വലിയ വര്‍ധനയുണ്ടാകും. വര്‍ധന നടപ്പാകുന്നതോടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ബസ് നിരക്ക് ഈടാക്കുന്ന ഇടമായി കേരളം മാറുമെന്നാണ് വിവരം.
രാത്രി സഞ്ചരിക്കുന്നവരില്നിന്ന് അധിക നിരക്ക് ഈടാക്കാനുള്ള തീരുമാനവും വന്നേക്കും. 20 ശതമാനം വരെ അധിക നിരക്ക് ഈടാക്കാനാണ് നിർദേശം. ഇത് കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പെട്രോള്‍-ഡീസല്‍ വില വർധിച്ച സാഹചര്യത്തില്‍ ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സജീവ പരിഗണനയിലാണ്.
ഇതും അടുത്ത മന്ത്രിസഭയുടെ പരിഗണനക്ക് വരുമെന്ന സൂചനയുണ്ട്. വൈദ്യുതി യൂനിറ്റിന് 92 പൈസയുടെ വര്‍ധനയാണ് റെഗുലേറ്ററി കമീഷനോട് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. വര്‍ധന നടപ്പായാല്‍ 100 യൂനിറ്റ് ഉപയോഗിക്കുന്ന ഉപഭോക്താവ് 92 രൂപ അധികം നല്‍കേണ്ടിവരും. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കിലും വലിയ വര്‍ധനയുണ്ടാകും. ഏപ്രില്‍ ഒന്നുമുതൽ വെള്ളക്കര വർധനയും പ്രാബല്യത്തിൽ വരുമെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.